മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3യുടെ മുഴുവന്‍ ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കി ആമസോണ്‍ പ്രൈം. ഈ അവകാശങ്ങൾ വിൽക്കാനോ, ലൈസൻസ് നൽകാനോ, ഏതെങ്കിലും മൂന്നാം കക്ഷിക്ക് താൽപ്പര്യമോ ബാധ്യതയോ ഉണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്താനോ ആശിർവാദ് സിനിമാസിനോ മറ്റ് ഏതെങ്കിലും വ്യക്തിക്കോ അവകാശമില്ലെന്ന് ആമസോണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പ്രസ്താവന ഇങ്ങനെയാണ് ;‘ആശിർവാദ് സിനിമാസും ആമസോണും തമ്മിലുള്ള നിലവിലുള്ള കരാറുകളിലെ നിയമപരമായ അവകാശങ്ങൾ വിനിയോഗിച്ചുകൊണ്ട്, ‘ദൃശ്യം 3’ (മലയാളം) എന്ന ചലച്ചിത്രത്തിന്‍റെ എല്ലാവിധ ഡിജിറ്റൽ അവകാശങ്ങളുടെയും (എസ്വിഒഡി, ടിവിഒടി, ഏവിഒഡി, എഫ്‍വിഒഡി, ഇഎസ്ടി എന്നിവയുൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ) ഒരേയൊരു ഉടമസ്ഥാവകാശം ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (ആമസോൺ) ആണെന്ന് ഇതിനാൽ പൊതുജനങ്ങളെ അറിയിക്കുന്നു. ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോണിന് മാത്രമാണുള്ളതെന്നും അതിനാൽ ഈ അവകാശങ്ങൾ വിൽക്കാനോ, ലൈസൻസ് നൽകാനോ, ഏതെങ്കിലും മൂന്നാം കക്ഷിക്ക് താൽപ്പര്യമോ ബാധ്യതയോ ഉണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്താനോ ആശിർവാദ് സിനിമാസിനോ (അവർ ചുമതലപ്പെടുത്തിയവർക്കോ ലൈസൻസ് ഉള്ളവർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ) യാതൊരു അധികാരവുമില്ലെന്ന് ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.
ആമസോണിന്‍റെ ഈ സവിശേഷാധികാരത്തിന് വിരുദ്ധമായി ഈ സിനിമയുമായോ അതിന്‍റെ ഡിജിറ്റൽ അവകാശങ്ങളുമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമോ ഇടപെട്ടാല്‍ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തവും ചെലവും പ്രത്യാഘാതങ്ങളും അവർ തന്നെ വഹിക്കേണ്ടി വരുമെന്ന് അറിയിക്കുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ആമസോണിന്‍റെ സവിശേഷാധികാരങ്ങൾ ലംഘിക്കുന്നവർക്കെതിരെയോ കരാർ ബന്ധങ്ങളിൽ ഇടപെടുന്നവർക്കെതിരെയോ ഇൻജംഗ്ഷൻ ഉത്തരവുകളും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ആമസോണിൽ നിക്ഷിപ്തമാണ്,' പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ഏപ്രിൽ 2-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് മെയ് 21-ലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ലേക്കാണ് റിലീസ് മാറ്റിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വൻ താരനിരയാണ് അഭിനയിക്കുന്നത്.