താമറിന്‍റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് സര്‍ക്കീട്ട്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയുടെയും അപ്രതീക്ഷിതമായി അവന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന യുവാവിന്‍റേയും കഥയാണ് സര്‍ക്കീട്ട് പറഞ്ഞത്.
മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സില്‍ സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. കഴിഞ്ഞ മെയ് എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രം നിര്‍മ്മിച്ചത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ ചിത്രമാണ് സര്‍ക്കീട്ട്.
ആസിഫ് അലിക്കൊപ്പം ഒര്‍ഹാന്‍ ഹൈദറാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തിയത്. ഒര്‍ഹാന്‍റെ പ്രകടനത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. ദിവ്യ പ്രഭ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ കപില്‍ കപിലന്‍ ആലപിച്ച ഹോപ്പ് സോങ്ങും റീല്‍സില്‍ തരംഗമായിരുന്നു.