ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജി. രാഹുല്‍ , ജി.കെ. ഇന്ദ്രനീല്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളായിരുന്നു നിർമാണം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ചിത്രം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാണ്. മേയ് 23ന് തിയറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.
ചിത്രം നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. നിലവിൽ മലയാളത്തിൽ മാത്രമാണ് സിനിമ ലഭ്യമാകുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ഭാഷകളിലും ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരം. സോഫിയ പോൾ നിർമിച്ച് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളിയും നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. ഒടിടി റിലീസായിരുന്നു മിന്നല്‍ മുരളി. പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാൻ ശ്രമിക്കുന്ന പൊലീസും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലനും നടത്തുന്ന ശ്രമങ്ങളുമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍റെ ഇതിവൃത്തം. ആക്ഷനും സസ്‌പെൻസും കോമഡിയും ചേര്‍ന്ന പക്കാ എന്‍റര്‍ടൈനറാണ് ചിത്രം. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.
ധ്യാൻ ശ്രീനിവാസനൊപ്പം, സിജു വിൽസൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എഡിറ്റിങ് ചമൻ ചാക്കോ. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇരുവരുടെയും ആദ്യ മലയാള ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ .