കോഴിക്കോട് അബൂബക്കര്‍

കോഴിക്കോട് അബൂബക്കര്‍

  • വലിയങ്ങാടിയിലെ ഇരുമ്പു കച്ചവടക്കാരനായിരുന്ന ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അബൂബക്കര്‍ ഗാനാസ്വാദകരുടെ പ്രിയപെട്ട അവുകാക്കയായത് രസകരമായ കഥയാണ്.

കരയാനും പറയാനും മനം തുറന്നിരക്കാനും, നീയല്ലതാരുമില്ല കോനേ എന്റെ, കരളിന്റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം, ചൊരിയേണ‌മെന്റെ തമ്പുരാനെ......

1989 ല്‍ തരംഗിണി സ്റ്റുഡിയോ  പുറത്തിറക്കിയ മൈലാഞ്ചിപ്പാട്ടുകള്‍ വാല്യം–4 ആല്‍ബത്തില്‍ യേശുദാസിന്റെ ശബ്ദത്തില്‍ പുറത്തുവന്ന പാട്ട്..മാപ്പിളപ്പാട്ട് ചരിത്രത്തിലെ ദിശാ സൂചകമായിരുന്ന ഗാനം.അന്നോളം മദ്ഹ് ഗാനങ്ങളും പ്രാര്‍ഥന ഗീതങ്ങള്‍ക്കും പ്രാമുഖ്യമുണ്ടായിരുന്ന മാപ്പിളപ്പാട്ടുശാഖയില്‍ മുസ്‌ലിം മതവിശ്വാസം ഇത്രയും ലളിതമായി പറഞ്ഞ പാട്ടുണ്ടായിരുന്നില്ല. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള പ്രാര്‍ഥന മാപ്പിളപ്പാട്ടായി ചിട്ടപ്പെടുത്തിയത് കോഴിക്കോട് അബൂബക്കറെന്ന സാധാരണക്കാരിലെ അസാധാരണക്കരനായിരുന്നു. മൂവായിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ക്കാണു അബൂബക്കര്‍ ഈണമൊരുക്കിയത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്നു ഏറെ നാളായി കോഴിക്കോട് ആരീക്കാട്ടെ വീട്ടില്‍ രോഗബാധിതനായിരുന്ന അബൂബക്കര്‍ ഇന്നലെ രാത്രി 12 മണിയോടെ വിടവാങ്ങി. പ്രിയപെട്ട പാട്ടുകള്‍ ബാക്കിവച്ച്.

മാമുക്കോയ പറഞ്ഞു–അബൂബക്കറിലെ പാട്ടുകാരന്‍ പുറത്തുചാടി

വലിയങ്ങാടിയിലെ ഇരുമ്പു കച്ചവടക്കാരനായിരുന്ന ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അബൂബക്കര്‍  ഗാനാസ്വാദകരുടെ പ്രിയപെട്ട അവുകാക്കയായത് രസകരമായ കഥയാണ്. സിനിമാ നടന്‍ മാമുക്കോയയും അബൂബക്കറും സമപ്രായക്കാരും സഹപാഠികളുമായിരുന്നു. ഒരിക്കല്‍ മാമുക്കോയ ക്ലാസില്‍ വച്ചു ടീച്ചറോടു പറഞ്ഞു. അബൂബക്കര്‍ അസ്സല്‍ ഗായകനാണ്. ഇതുകേട്ട ടീച്ചര്‍ പാട്ടുപാടാന്‍ അബൂബക്കറിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇരുമ്പകച്ചവടക്കാരന്റെ മകന്‍ സംഗീതവഴിയിലേക്ക് തിരിയുന്നത്. ഈ പാട്ട് തബലിസ്റ്റ് ടി. ഉസ്മാന്‍ ആകസ്മികമായി കേട്ടു. ഇതോ‌ടെ ബാബുരാജിന്റെ ട്രൂപ്പിലേക്കുള്ള വഴി തുറന്നു.

ഉടനെ കഴുത്തൊന്നറുക്കൂ ബാപ്പ–അബൂബക്കറിന്റെ വരവറിയിച്ച പാട്ട്

കല്യാണ വീടുകളില്‍ തബല വായിച്ചും തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാട്ടുപാടിയും ജീവിതം കഴിഞ്ഞിരുന്ന കോഴിക്കോടന്‍ മെഹ്ഫില്‍ സംഘങ്ങളിലെ പ്രധാനിയായിരുന്നു അബൂബക്കര്‍. പാട്ടുകള്‍ പാടും ,ചിട്ടപെടുത്തും. നല്ലപോലെ തബലയും വായിക്കും. അങ്ങനെ ജീവിതം പോകവെയാണ് പി.ടി.അബ്ദുറഹ്മാന്‍ എഴുതി വടകര കൃഷ്ണദാസ് പാടിയ ഉടനെ കഴുത്തന്നറക്കൂബാപ്പ എന്നു തുടങ്ങുന്ന പാട്ട് ചിട്ടപെടുത്തുന്നത്. ബോംബെയിലെ മാപ്പിളപ്പാട്ട് മല്‍സരത്തിന് പാടുന്നതിനായാണുപാട്ട്  ചിട്ടപ്പെടുത്തിയത്. മുസ്‌ലിം ചരിത്രത്തിലെ നിര്‍ണായക ഏടായ ഇബ്രാഹിം നബിയുടെും  പിതാവ് ഇസ്മായില്‍ നബിയുടെയും ജീവിത ത്യാഗമാണു പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. പാടിതീര്‍ന്നതോടെ സ്റ്റേജ് കാണികള്‍ കയ്യടക്കി. സംഗീത സംവിധായകനെ ആളുകള്‍ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല അബൂബക്കറിന്. മാതാപിതാക്കളെ നഷ്ടമായ കുട്ടി സ്വര്‍ഗത്തിലേക്കു പോയ അച്ഛനമ്മമാരെ  തിരക്കുന്ന കിളിയേ ദിഖിര്‍ പാടി കിളിയെ– സുബിഹിക്ക്  മിനാരത്തില്‍ വലം വച്ചു പറക്കുന്ന....അംബിയാമുര്‍സലീങ്ങള്‍ താമസിക്കും കൊട്ടാരത്തില്‍––മുത്തുനബിന്റുമത്തീങ്ങള്‍ ഉല്ലസിക്കും പൂന്തോട്ടത്തില്‍ എന്റെ ബാപ്പയങ്ങാനും ഇരിപ്പുണ്ടോ കുഞ്ഞുമോളെ ഉമ്മച്ചയരികത്തുണ്ടോയെന്ന  നസ്നിനും സിയാഹുള്‍ ഹഖും പാടിയ പാട്ട് നൊമ്പത്തോടെ പാടി നടന്നിരുന്ന  പാട്ടിനു പിന്നിലും അബൂബക്കറായിരുന്നു. മാപ്പിളപ്പാട്ടിന്റെ സുവര്‍ണകാലത്ത് എത്ര പാട്ടുകള്‍ ചിട്ടപ്പെടുത്തിയെന്ന് അബൂബക്കറിനു പോലും തിട്ടമുണ്ടായിരുന്നില്ല. മൂവായിരത്തിലധികം വരുമെന്നു മാത്രമായിരുന്നു കണക്ക്.

സിനിമയ്ക്കു വേണ്ടി പാട്ടൊരുക്കി പക്ഷേ ആരും അറിഞ്ഞില്ല.

എം.എസ്. ബാബുരാജിന്റെയും ബോംബെ രവിയുടെയും ഭാസ്കരന്‍ മാഷിന്റെയുമെല്ലാം  പ്രിയ തബലിസ്റ്റായിരുന്ന അബൂബക്കറിന് നിര്‍ഭാഗ്യത്തിന്റെ കഥകൂടിയുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് തിരക്കേറിയ സംഗീത സംവിധായകനായിരിക്കെ ഒരു സിനിമയ്ക്കു കൂടി പാട്ടൊരുക്കി. പക്ഷേ സ്വന്തം പേരില‌ല്ലെന്നുമാത്രം.  എം.കൃഷ്ണന്‍നയര്‍ സംവിധാനം ചെയ്തു മൊയ്തു പടിയത്ത് കഥയെഴുതിയ 1982ല്‍ പുറത്തിറങ്ങിയ മൈലാഞ്ചിയുടെ ശീര്‍ഷക ഗാനവും ഒപ്പനഗാനങ്ങളും ചിട്ടപ്പെടുത്തിയത് അബൂബക്കറായിരുന്നു. പക്ഷേ സിനിമ ഇറങ്ങിയപ്പോള്‍ സംഗീത സംവിധായകന്‍ എ.ടി.ഉമ്മറിന്റെ പേരിലായിരുന്നു. പാട്ടുതരാം. പക്ഷേ പേരു നല്‍കാനാവില്ല.  നിലവില്‍ സംഗീത സംവിധായകനെ നിശ്ചയിച്ചു കഴിഞ്ഞെന്നു പറഞ്ഞാണ് കൃഷ്ണന്‍നായര്‍ പാട്ടുകള്‍ ഏല്‍പിച്ചതെന്നു  പിന്നീട് അബൂബക്കര്‍ പലവേദികളിലും പറഞ്ഞിരുന്നു. ടൈറ്റില്‍ സോങ് ഹിറ്റായപ്പോള്‍ ചെറിയ നിരാശയുണ്ടായിരുന്നതും  പിന്നീട് തുറന്നു പറഞ്ഞിരുന്നു.

കാസറ്റ് യുഗം അവസാനിക്കുകയും മാപ്പിളപ്പാട്ട് കലാരംഗം  പ്രണയ പ്രേമപരവശമാവുകയും ചെയ്തതോടെ പതുക്കെ കളം മാറിയെങ്കിലും അബൂബക്കര്‍ പക്ഷേ സംഗീത ലോകത്ത് സജീവമായിരുന്നു. മസ്തിഷ്ക ആഘാതമുണ്ടാവന്നതിനു മൂന്നു ദിവസം മുന്‍പ് വരെ വീട്ടിലിരുന്നു പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നു.  യേശുദാസ് –കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാര്‍, അഫ്സല്‍, ഷഹബാസ് അമന്‍ അടക്കം മലയാളത്തിലെ ഒട്ടുമിക്കവരും അബൂബക്കറിനായി പാടി. ഒരാഗ്രഹം കൂടി ബാക്കിയാണ് കോഴിക്കോടിന്റെ അവുകാക്ക മടങ്ങുന്നത്.  ഈണങ്ങളുടെ സുല്‍ത്താനെന്ന പേരില്‍  ഹമീദ് കോളിയടുക്കം രചിച്ച പുസ്തകം മുഖ്യമന്ത്രിയേയും ഗായിക കെ.എസ്. ചിത്രയയെും പങ്കെടുപ്പിച്ചു പുറത്തിറക്കണമെന്ന സ്വപ്നമായിരുന്നു അത്.

ENGLISH SUMMARY:

Kozhikode’s renowned Mappila song composer and tabla artist Kozhikode Aboobacker , affectionately known as Avukka, has passed away after a prolonged illness following a stroke. He composed tunes for more than 3,000 Mappila songs and played a significant role in shaping the genre during its golden era. His journey into music began at school, after actor Mamukkoya introduced his singing talent to their teacher. Aboobacker worked with legendary musicians including M. S. Baburaj, Bombay Ravi and Bhaskaran Master and composed songs performed by leading singers such as K. J. Yesudas, K. S. Chithra, Sujatha and M. G. Sreekumar. He also composed songs for the 1982 film Mailanchi but did not receive the official music-director credit. His final dream—to release a book about his musical journey—remained unfulfilled.