ജാക്വലിന്‍ ഫെര്‍ണാണ്ടസ് അഭിനയിച്ച 'ജുഗ്നി' എന്ന മ്യൂസിക് വിഡിയോ കഴിഞ്ഞ ജൂലൈയിലാണ് പുറത്തുവന്നത്. ബി.പ്രാകും സോനു തക്രാലുമാണ് ഗാനം ആലപിച്ചത്. പാട്ടിലെ ഒരു രംഗത്തില്‍ ജാക്വലിന്‍റെ വസ്ത്രം മാറിപ്പോവുകയും ശരീരഭാഗങ്ങള്‍ പുറത്തുകാണുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിലരിത് ചൂണ്ടിക്കാണിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു.
എന്നാല്‍ അതേവിഡിയോ എന്നപേരില്‍ എഡിറ്റ് ചെയ്യപ്പെട്ട ഡീപ്ഫേക്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വൈറലായ ദൃശ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണെന്ന് കാണിച്ച് ഗായകൻ സോനു തക്രാൽ സൈബർ ക്രൈം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തന്നെയും ജാക്വലിനേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് എഐ ഉപയോഗിച്ച് നിർമ്മിച്ച ഡീപ്ഫേക്ക് വിഡിയോ ആണിതെന്നാണ് ഗായകൻ പരാതിയില്‍ പറയുന്നത്.
വ്യാജ വിഡിയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെയും പ്രതികരിച്ച സോനു, വൈറലാകുന്ന ക്ലിപ്പ് എഐ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചതാണെന്നും, വിഷയത്തിൽ ഉടൻ വിശദമായി പ്രതികരിക്കുമെന്നും അറിയിച്ചു. അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് ജാക്വലിൻ ഫെർണാണ്ടസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.