TAGS

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ, മയങ്ങൂ.... നീ എന്‍ മടി മേലെ... 1977 ല്‍ പുറത്തിറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിനു വേണ്ടി സലീല്‍ ചൗദരിയുടെ സംഗീതത്തില്‍ ഇതിഹാസ ഗായിക എസ്. ജാനകി പാടിയ പാട്ട് എക്കാലത്തും മലയാളികളുടെ ഹൃദയത്തിലുണ്ട്... താരാട്ട് പാട്ടിന്‍റെ വാത്സല്യവും അമ്മ മനസിന്‍റെ നിര്‍വൃതിയുമെല്ലാം വരികള്‍ക്കും സംഗീതത്തിനും മുകളില്‍ അനുഗ്രഹീത ഗായിക തന്‍റെ സ്വരലയംകൊണ്ട് പ്രതിഷ്ഠിച്ചു. ജാനകിയമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് സഹപ്രവര്‍ത്തകരും സംഗീതലോകത്തെ പ്രതിഭകളും സങ്കടം അടക്കാനാവാതെ വിതുമ്പുന്നത് മലയാളികള്‍ കണ്ടു. പ്രിയപ്പെട്ട ഗായിക യാത്രയായെങ്കിലും അവര്‍ സൃഷ്ടിച്ച സംഗീത ലോകം ഇവിടെയുണ്ടെന്ന് അവര്‍ ഓരോരുത്തരും പറയുന്നു. സംഗീതത്തിന്‍റെയും സൗഹൃദത്തിന്‍റെയും പതിറ്റാണ്ടുകളുടെ ബന്ധം കെട്ടിപ്പടുത്ത സീനിയര്‍ ഗായിക പി. സുശീലയുടെ വാക്കുകളാണ് ഇപ്പോള്‍ സംഗീത ലോകം ഏറ്റെടുക്കുന്നത്. 

ജാനകി വീണ്ടും ജനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, ഒരു ജീവിതം മതിയാകും

ഒരു അസാധാരണ കലാകാരി എന്നതിനും അപ്പുറം പ്രിയ സുഹൃത്തും സഹോദരിയും എന്ന നിലയില്‍ അനുസ്മരിച്ചുകൊണ്ടാണ്  എസ്. ജാനകിയുടെ നിര്യാണത്തില്‍  പി. സുശീല ആദരാഞ്ജലി അർപ്പിച്ചത്. സംഗീത ലോകത്തും സ്വകാര്യ ജീവിതത്തിലും 50 വർഷത്തിലേറെയായി ഇരുവരും പങ്കിട്ട ബന്ധത്തെക്കുറിച്ച് ഹൃദയം തുറന്ന് പറയുകയാണ് പി. സുശീല. 

50 വർഷത്തിലേറെയായി തനിക്കൊപ്പമുണ്ടായിരുന്ന ഉറ്റ സുഹൃത്ത് ജാനകിയുടെ വിയോഗത്തിൽ ഭാരിച്ച ഹൃദയത്തോടെയാണ് 90–ാം വയസില്‍ പ്രിയപ്പെട്ട ഗായിക സുശീല ദുഃഖം പ്രകടിപ്പിക്കുന്നത്. ഇത് എനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും ജാനകി ഇനിയില്ലെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും സോഷ്യൽ മീഡിയ വീഡിയോയിലൂടെ പി. സുശീല പറയുന്നു. ഒരു സഹപ്രവർത്തകയെ മാത്രമല്ല, എന്റെ യഥാർത്ഥ സുഹൃത്തിനെയും സഹോദരിയെയുമാണ് നഷ്ടപ്പെട്ടത്. അഞ്ച് പതിറ്റാണ്ടോളം സംഗീതത്തിൽ ഒരുമിച്ച് ഞങ്ങള്‍ ചെലവഴിച്ചു. നിരവധി ഭാഷകളിൽ എണ്ണമറ്റ ഗാനങ്ങൾ ആലപിച്ചു, മനോഹരമായ ഒരു ബന്ധം പങ്കിട്ടെന്നും പറഞ്ഞ സുശീല, എസ്. ജാനകിയുടെ മരണ വാര്‍ത്ത അറിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്നാണെന്നും കൂട്ടിച്ചേര്‍ത്തു.

എസ്. ജാനകിയുടെ അസാധാരണ പ്രതിഭയെ പ്രശംസിച്ച്, ജാനകിയുമായി കിടപിടിക്കാൻ മറ്റാരുമില്ലെന്നും  നിർഭാഗ്യവശാൽ, അവരുടെ കഴിവുള്ള ഗായികമാര്‍ ഇന്ന് നമുക്കില്ലെന്നും പറഞ്ഞു.  'ശിങ്കാരവേലനേ ദേവ' എന്ന ഗാനം ജാനകി പാടിയതുപോലെ മറ്റാർക്കും ആലപിക്കാൻ കഴിയുമായിരുന്നില്ല. ആ ഗാനം ജാനകിയെ പിന്നണി ഗാനത്തിന്റെ ഉന്നതിയിലെത്തിച്ചെന്നും ഓര്‍മകള്‍ പങ്കുവെച്ചു.  പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട പറഞ്ഞുകൊണ്ടാണ് പി. സുശീല തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ജാനകി വീണ്ടും ജനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, ഒരു ജീവിതം മതിയാകും എന്ന് പറയുമ്പോള്‍ ആ സംഗീതത്തിന്‍റെയും സൗഹൃദത്തിന്‍റെയും നിര്‍വൃതി സുശീലയുടെ വാക്കുകളിലുണ്ട്. പതിറ്റാണ്ടുകളായി രണ്ട് ഇതിഹാസ ഗായകര്‍ ഇന്ത്യന്‍ സിനിമാ മേഖലയ്ക്കു നല്‍കിയത് മറക്കാനാവാത്ത നിരവധി ഗാനങ്ങളാണ്. 

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച രണ്ട് പിന്നണി ഗായകർ പങ്കിട്ട ആഴമേറിയ സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മറക്കാനാവാത്ത പാരമ്പര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് പി. സുശീലയുടെ വൈകാരികമായ വാക്കുകള്‍. സമ്പന്നമായ ആ സംഗീത പാരമ്പര്യത്തിൽ എസ്. ജാനകിയുടെ ശബ്ദം എന്നും ഉണ്ടാകും. പി. സുശീല പറഞ്ഞ പോലെ, ആ സ്വരം വീണ്ടും ജനിച്ചിരുന്നെങ്കില്‍!  ജാനകിയമ്മയുടെ പാട്ടിന്റെ വരികള്‍ പോലെ തന്നെ, ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ... മധുകണം പോലെ മഞ്ഞിന്‍മണി പോലെ, മയങ്ങൂ... നീ ഈ ലത മേലെ... മയങ്ങൂ.... നീ എന്‍ മടി മേലെ...

ENGLISH SUMMARY:

S Janaki P Susheela friendship is a touching story of a deep bond between two legendary singers. P Susheela recently shared her heartfelt emotions and memories following the passing of her dear friend S Janaki, highlighting their over five-decade-long association in the music industry.