asha

TOPICS COVERED

'ആരാദ്യം പറയും... ആരാദ്യം പറയും... പറയാതിനി വയ്യ... പറയാനും വയ്യ...' മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനവും ഇത് പാടിയ ആശ ജി. മേനോൻ എന്ന ഗായികയെയും  ആരും മറക്കാനിടയില്ല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ആശ, വർഷങ്ങളായി ദുബായിൽ സംഗീത അധ്യാപികയാണ്. ഇപ്പോഴിതാ, യുഎഇ സൈനികർക്ക് ആദരമർപ്പിക്കുന്ന 'ജുനൂദ് അൽ ഇമറാത്' എന്ന അറബിക് ആൽബത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്  ഗായിക.

ഗൾഫ് മേഖലയിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന ധീരസൈനികർക്ക്, ആശയുടെ സംഗീതസംവിധാനത്തിൽ സമർപ്പിക്കുന്ന ആദരമാണ് ഈ ആൽബം. ആറ് മുതൽ 17 വയസ്സുവരെയുള്ള ഇരുപതോളം കുട്ടികളും ആശയ്ക്കൊപ്പം ഈ ആൽബത്തിൽ അണിനിരക്കുന്നുണ്ട്. അറബിക് ഗാനം പാടുമ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നെങ്കിലും, ഇമറാത്തികൾക്കിടയിൽ നിന്ന് വലിയ പിന്തുണയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഗായിക പറയുന്നു. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ 'ആറാം തമ്പുരാൻ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ആശയ്ക്ക്, 'മഴ' എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ പ്രായം കേവലം 15 വയസ്സ് മാത്രമായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആസ്വാദകർ ഈ ഒറ്റപ്പാട്ടിന്റെ പേരിൽ തന്നെ തിരിച്ചറിയുന്നതിൽ വലിയ അഭിമാനമുണ്ടെന്ന് ആശ.

 'മനസ്സിനക്കരെ'യിലെ "തങ്കത്തിങ്കൾ വാനിൽ...", 'ഇന്ത്യൻ റുപ്പി'യിലെ "പോകയായ് വിരുന്നുകാരീ..." തുടങ്ങി ഒട്ടനവധി ജനപ്രിയ ഗാനങ്ങൾ ആശയുടെ ശബ്ദത്തിൽ പിറന്നു . വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന ആശ, ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ സംഗീത അധ്യാപികയാണ്. അർഹമായ മാർക്കറ്റിംഗിന്റെ കുറവുകൊണ്ടാണ് സിനിമയിൽ സജീവമാകാൻ കഴിയാതിരുന്നതെന്നും, നല്ല അവസരങ്ങൾ വന്നാൽ ഇനിയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും ഗായിക . സ്ട്രീംവേഴ്‌സ്, റാഫ്‌മോ ബുള്ളിയനുമായി സഹകരിച്ച് പുറത്തിറക്കിയ ആൽബം സംവിധാനം ചെയ്തത് ഗിരീഷ് നായരാണ്.

ENGLISH SUMMARY:

Asha G Menon, a renowned Malayalam singer, is making a comeback with the Arabic album 'Junoood Al Emarat' dedicated to UAE soldiers. After years as a music teacher in Dubai, she returns to the music scene with this tribute, showcasing her versatile talent.