നാലുവർഷത്തെ ഇടവേള അവസാനിപ്പിച്ച് കെ-പോപ്പ് സെൻസേഷനായ ബിടിഎസ് ഇന്ന് ആരാധകര്‍ക്ക് മുന്നിലേക്ക്. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെ ചരിത്രപ്രസിദ്ധമായ ഗ്വാങ്വാമൂന്‍ സ്ക്വയറില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലര മുതലാണ് സംഗീതനിശ. ഒരു മണിക്കൂർ ദൈർഘ്യമുള്ള സംഗീത പരിപാടി ഇന്ത്യ ഉള്‍പ്പടെ 190 രാജ്യങ്ങളില്‍ തല്‍സമയം സംപ്രേഷണം ചെയ്യും.
സൈനിക സേവനത്തിനായി വഴിപിരിഞ്ഞുപോയവരുടെ രണ്ടാം വരവ്....ആരാധക സാഗരത്തെ വരവേൽക്കാൻ സോൾ നഗരം ഒരുങ്ങി. 2022 ഒക്ടോബറിനു ശേഷം ആദ്യമായാണ് BTS ഒന്നിച്ച് വേദിയിലെത്തുന്നത്. രണ്ടര ലക്ഷത്തിലേറെ ആരാധകര്‍ സോളില്‍ എത്തുമെന്നാണ് കരുതുന്നത്. സൗജന്യ ടിക്കറ്റ് ലഭിച്ച 22,000 പേർക്ക് മാത്രമേ വേദിയിലേക്ക് പ്രവേശനമുള്ളൂ. ആരാധകരില്‍ ഭൂരിഭാഗവും പുറത്ത് സ്ഥാപിച്ചിട്ടുള്ള ഭീമൻ സ്ക്രീനുകളിലൂടെയാകും സംഗീത വിരുന്ന് ആസ്വദിക്കുക. ഇന്നലെ പുറത്തിറങ്ങിയ, തിരിച്ചുവരവിലെ ആദ്യ ആല്‍ബത്തിലെ ടൈറ്റില്‍ ട്രാക്ക് സ്വിം, ആരാധകരുടെ ചുണ്ടുകളില്‍ മൂളിപ്പാട്ടായിക്കഴിഞ്ഞു. ആൽബത്തിൽ 14 ഗാനങ്ങളുണ്ട്. നെറ്റ്ഫ്ലിക്സാണ് സംഗീതവിരുന്ന് തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. കമ്പനിയുടെ ആദ്യത്തെ ആഗോള സംഗീത സംപ്രേഷണമാണ്. ടോക്കിയോ മുതൽ ലോസ് ആഞ്ചലസ് വരെ 30-ൽ അധികം നഗരങ്ങളിലായി 82 വേദികളിൽ അരങ്ങേറുന്ന BTSന്റെ ലോകപര്യടനത്തിനാണ് സോളില്‍ നിന്ന് തുടക്കമാകുന്നത്