വെറും 30 സെക്കന്‍റിന് പ്രാധാന്യമുണ്ടോ? ഉണ്ട്. വൈറല്‍ ട്രെന്‍ഡിന്‍റെ കാലത്ത് ആ 30 സെക്കന്‍റാണ് പാട്ടുകളെ പോപ്പുലറാക്കുന്നത്. 5ജി വ്യാപകമായ കാലത്ത് അറ്റന്‍ഷന്‍ സ്പാന്‍ വളരെ കുറവാണ്. അതുകൊണ്ടാണ് പാട്ടുകൾ റീല്സിലൂടെ പെട്ടെന്ന് ഹിറ്റാകുന്നതും, പലർക്കും പാട്ട് തന്നെ അറിയാതെ hook line മാത്രമറിയുന്നതും.
റീല്‍സ് കണ്ട് വന്നവരുണ്ടോ? ഈ വര്‍ഷം ഹിറ്റായ ഒട്ടുമിക്ക പാട്ടുകളുടെ കമന്‍റ് ബോക്സിലും ഇങ്ങനെ കാണാം. സിനിമ പാട്ട് ഹിറ്റാകുന്ന ഫോര്‍മാറ്റ് മാറിയിരിക്കുകയാണ്. റേഡിയോ, ടിവി, സായാഹ്ന ചാറ്റ് ഷോകൾ — എല്ലാം പിന്നിലാക്കി ഇന്ന് പാട്ടുകള്‍ ഹിറ്റാകാന്‍ റീല്‍സ് തന്നെ വേണം എന്ന നിലയിലേക്ക് എത്തിനില്‍ക്കുകയാണ്.
മലയാളം പാട്ടുകള്‍ക്ക് ഇന്ന് വൈവിധ്യമേറെയാണ്. സംഗീതത്തിലും വരികളിലുമുണ്ടായിരുന്ന കണിശതയും നിയമാവലികളും ക്രമേണ അപ്രത്യക്ഷമായി. അര്‍ഥപൂര്‍ണമായ പാട്ടുകളും പ്രാസങ്ങളും ഇപ്പോള്‍ ഒരു നിര്‍ബന്ധമേയല്ല, വരികളിൽ മലയാളത്തോടൊപ്പം ഇംഗ്ലീഷ്, മംഗ്ലീഷ്, തമിഴ്, തമിഴ്-റാപ്പ്, ഉർദു—all welcome. അർത്ഥത്തിനുള്ള ആവശ്യകത പോലും കുറയുന്ന കാലമാണ് ഇത്. ഈണം നന്നായാൽ, catchy ആയാൽ വൈറലായി. 'ലവ് വിത്ത് എ കുലസ്ത്രീ', 'ഓണം മൂഡ്', 'ഹാലത്തിന് സെന്‍റര്‍' എന്നിങ്ങനെയുള്ള ഹൂക്കിങ്ങ് പോയിന്‍റുകളില്‍ മലയാളത്തിനൊപ്പം ഏതൊക്കെ ഭാഷകളാണ് കലരുന്നത്.
'ത്രികോണ മധ്യേ, മൂലബിന്ദു കുടുങ്ങി
ഭുജ ഭുജ ത്രിഭുജ ചതുര്‍ഭുജ വടിവില്‍ തെറ്റി'
വിനായക് ശശികുമാര്‍ എഴുതിയ വരികളാണ് ഈ പാട്ടിലും ഹൂക്കിങ് പോയിന്‍റ്. ഗുണനവും ഹരണവും ലസാഗുവും ഉസാഗയുമൊക്കെയായി കണക്കിലെ പ്രയോഗങ്ങള്‍ വച്ചൊരു പാട്ട് മലയാള സിനിമയില്‍ പുതുമയാണ്. വിനായകിന്‍റെ തന്നെ മറ്റൊരു പാട്ട് കേള്‍ക്കാം
'അൽവാക്കണ്ണാളെ
സൽവാർ ചെണ്ടാളേ
പൽവാള് ദേവൻ ഞാൻ
സെൽവാക്ക് ഇല്ലാതെ
തൊണ്ടയ്ക്കുള്ളാലെ നിന്നെ കണ്ടാലേ
നൊങ്കിൻ തള്ളാലേ വാക്ക് തീർന്നേ'
വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു എന്തോ ഒരു ഘടകം ഈ വരികളിലുണ്ട്. അങ്കിത് മേനോന്‍റെ മെലോഡിയസായ ഈണവും പാട്ടിന് റിപ്പീറ്റ് മോഡ് നല്‍കുന്നുണ്ട്. പാട്ടിന്‍റെ തുടക്കം പോലും അറിയാത്തവര്‍ക്ക് ഈ വരികള്‍ കാണാപ്പാഠമായിരിക്കാം. അല്‍വാക്കണ്ണും പല്‍വാള്‍ ദേവനും സെല്‍വാക്കുമൊന്നും പരമ്പരാഗത മലയാള ഗാനശൈലിയിലുള്ളതല്ല, എന്നാല്‍ ഇന്ന് നമ്മള്‍ അതൊന്നും കാര്യമാക്കുന്നില്ല, ആ അദൃശ്യ ചട്ടക്കൂടൊക്കെ എന്നേ പൊളിഞ്ഞുപോയി. നാട്ടുവഴിയും പാടവരുമ്പും നിലാവും സന്ധ്യയും മാത്രമല്ല, 5 ജി യുഗത്തിലെ മെട്രോ ജീവിതത്തില്‍ അതിനപ്പുറമുള്ള വൈവിധ്യവും പ്രേക്ഷകര്‍ സ്വീകരിക്കും.
എന്തുകൊണ്ട് റീല്സ്
'പാടുക പാതകളേ ആനന്ദത്തിന്‍ തേരേറും ഔദൂറും,
ഈണങ്ങളിൽ സ്വപ്നങ്ങൾതൻ ഗാനങ്ങൾ ദൂരങ്ങൾ, ജാലങ്ങൾ...'
'സര്‍ക്കീട്ടിലെ' 'ഹോപ്പ്' എന്ന പാട്ടിലെ ഈ ഭാഗം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രതീക്ഷ ആണ് ഉണര്‍ത്തുന്നത്. കഴിഞ്ഞ കാലത്തെ കഷ്ടപ്പാടുകളോ നൊസ്റ്റാള്‍ജിയയോ മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുള്ള പ്രതീക്ഷളോ വരികള്‍ക്കൊപ്പം ഓര്‍മയിലേക്ക് ഓടിയെത്തുന്നു. പ്രവാസലോകത്തോട് കണക്റ്റ് ചെയ്തിരിക്കുന്ന വിഷ്വല്‍സുകളായതിനാല്‍ പ്രവാസികള്‍ക്ക് തന്നെയാവും ഈ പാട്ട് അത്രയേറെ അടുപ്പം തോന്നുക. 'എമ്പുരാനി'ലെ 'കാവലായി ചേകവര്‍', 'പ്രിന്‍സ് ആന്‍ഡ് ദി ഫാമിലിയി'ലെ 'ദി ലൈഫ് ഓഫ് പ്രിന്‍സ്' എന്നീ പാട്ടുകളും സമാനമായി വേദന കലര്‍ന്ന ഒരു സന്തോഷത്തിന്‍റെ അനുഭവമാകും പകരുക. 'അഭിലാഷ'ത്തിലെ 'ഖല്‍ബിന്നകമേ' ആകട്ടെ നഷ്ടപ്രണയത്തെയാവും ഓര്‍മിപ്പിക്കുന്നത്.
മാസ് ബിജിഎമ്മുകളും വലിയ തരംഗമാണ് റീല്‍സില്‍ ഉണ്ടാക്കിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങി ഹൈപിച്ചിലേക്ക് കയറുന്നതാണ് ഇത്തരം പാട്ടുകളുടെ പ്രത്യേകത. 'നരിവേട്ട'യിലെ 'മിന്നല്‍ വള', 'തുടരുമിലെ പേമാരി' എന്നിവ ഉദാഹരണം
റീല്സിന്‍റെ സംഗീതത്തിന്‍റെ രീതി മാറി. പാട്ട് മുഴുവൻ കേട്ട് ഇഷ്ടപ്പെടുന്ന ഒരു സംസ്കാരത്തിൽ നിന്ന്, ഒരു വരിയോ, ഒരു ബീറ്റോ, ഒരു 5-second hook-ഓ മതി പാട്ടിനെ ദേശീയതലത്തിൽ വൈറലാക്കാൻ. മിന്നല്‍ വളയും, ചിറാപുഞ്ചിയും, ക്വീന്‍ ഓഫ് ദി നൈറ്റും, തട്ടത്തിലുമൊക്കെ നാഷണല്‍ ട്രെന്‍ഡിങ്ങായിരുന്നു.
റീല്‍ സംസ്കാരം നല്ലതോ ചീത്തയോ എന്ന ചര്‍ച്ചയുണ്ടാവാം. പക്ഷേ ഒരു കാര്യം ഉറപ്പ് റീല്സ് സംഗീത വ്യവസായത്തെ ജനാധിപത്യവൽക്കരിച്ചു. കൂടുതല്‍ ആളുകള്‍ക്ക് അവസരങ്ങളുണ്ടാകുന്നു. 30 സെക്കൻഡുകൾ പലപ്പോഴും ഒരു പാട്ടിന്റെ ജനകീതയെ മാത്രമല്ല, ഒരു തലമുറയുടെ മാറിയ ആസ്വാദനത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.