TOPICS COVERED

ആവേശത്തോടെ ആടിപ്പാടാൻ 'വിലായത്ത് ബുദ്ധ'യിലെ പ്രൊമോ ഗാനം പുറത്ത്. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേ‍ർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഭാഷാഭേദമന്യേ ലോകമാകെ ആരാധകരെ സൃഷ്ടിച്ച 'എന്‍ജോയ് എന്‍ജാമിയുടെ അണിയറ പ്രവർത്തകരാണ് ഈ പ്രൊമോ ഗാനത്തിന് പിന്നിലും ഒന്നിച്ചിരിക്കുന്നത്. 

പ്രൊമോ ഗാനത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഏറെ പേരുകേട്ട മോക്ക സ്റ്റുഡിയോയിലെ അമിത്ത് കൃഷ്ണനാണ്. 'എൻജോയ് എൻജാമി' ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങളും കോക്ക് സ്റ്റുഡിയോയുടെ കീഴിൽ ഇറങ്ങിയിട്ടുള്ള ശ്രദ്ധേയ ഗാനങ്ങളുടേയും സംവിധാനം നി‍‍ർവ്വഹിച്ച് ഏറെ പ്രശംസ നേടിയയാളാണ് അമിത്ത് കൃഷ്ണൻ. 'എൻജോയ് എൻജാമി'യുടെ ക്യാമറ ചലിപ്പിച്ച അഭിമന്യൂ സദാനന്ദനാണ് ഈ പ്രൊമോ ഗാനത്തിന്‍റേയും ക്യാമറ. രാജ് ബി.ഷെട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ 'കരാവലി', 'ജുഗാരി ക്രോസ്' എന്നീ സിനിമകൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിമന്യൂ സദാനന്ദനാണ്. ശ്രദ്ധേയ കോറിയാഗ്രഫറായ റിയ സൂദാണ് ഈ ഗാനത്തിന്‍റെ കോറിയോ ഗ്രാഫർ. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. 

'വിലായത്ത് ബുദ്ധ'യുടെ തിയേറ്റർ റിലീസിന് പിന്നാലെയാണ് സിനിമയുടെ പ്രൊമോ സോങ്ങ് തരംഗം സൃഷ്ടിക്കാനായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജും ഷമ്മി തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ മികച്ച ജനപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.  

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവു മികവ് പുലർത്തിയിട്ടുമുണ്ട്.

ENGLISH SUMMARY:

Vilayath Buddha promo song is creating a buzz on social media. The song, directed by Amit Krishnan and featuring Prithviraj and Shammi Thilakan, is gaining popularity following the film's theatrical release.