നൂറ് രാജ്യങ്ങളിലെ സംഗീതജ്ഞരെ ഒരു വേദിയിൽ അണിനിരത്തികൊണ്ടുള്ള ഫ്യൂഷൻ മ്യൂസിക് ഷോ നടത്തി ലോക റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഫായിസ് മുഹമ്മദ് എന്ന ആലുവക്കാരൻ. ലോക സമാധാനം എന്ന സന്ദേശമുയർത്തിയാണ് ആഗോള സംഗീത സൗഹൃദ കൂട്ടായ്മ എന്ന സ്വപ്നത്തിലേക്ക് ഫായിസ് ചുവടുവെക്കുന്നത്.
ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് സംഗീത പരിപാടികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫായിസ് ഇപ്പോൾ. വിരലുകളിൽ വിസ്മയം ഒളിപ്പിച്ചുവെച്ച ആലുവ പൂക്കാട്ടുപടി സ്വദേശി ഫായിസ് മുഹമ്മദ് തന്റെ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിലൂടെ ഒട്ടേറെ ആരാധകരുള്ള ഫായിസിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ആഗോള സംഗീത സൗഹൃദ കൂട്ടായ്മയെന്നത്.
ഇതിനായി വിവിധ രാജ്യങ്ങളിലെ കലാകാരന്മാരെ നേരിൽ കണ്ട്, അവർക്കൊപ്പം വേദി പങ്കിട്ട് ഓരോ നാട്ടിലെയും സംഗീതം അറിയാനുള്ള ഒരുക്കത്തിലാണ് ഫായിസ്. ലോകപര്യടനത്തോടുകൂടി ഏറ്റവും കൂടുതൽ രാജ്യങ്ങളിലെ കലാകാരൻമാർക്കൊപ്പം പരിപാടി അവതരിപ്പിച്ച ഇന്ത്യൻ വയലിനിസ്റ്റ് എന്നനേട്ടവും ഫായിസിനെ തേടിയെത്തും.
ഇതിനോടകം തന്നെ ഫായിസ് 40 രാജ്യങ്ങളിലെ സംഗീതജ്ഞരോടൊപ്പം ദുബായ് ഗ്ലോബൽ വില്ലേജിൽ സംഗീതനിശ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ആഗോള സംഗീത സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കണമെന്നതാണ് ഫായിസിന്റെ മോഹം.