സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന 'പരംസുന്ദരി' കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുലിവാല് പിടിച്ചിരിക്കുകയായിരുന്നു. നായിക മലയാളിയായ ചിത്രം മലയാളത്തെ വികൃതമാക്കുന്നു എന്നാണ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍. നായികയുടെ 'ദേഖപ്പെട്ട സുന്ദരി ദാമോദരന്‍ പിള്ള' എന്ന പേരും 'തേങ്ക'യും മുല്ലപ്പൂവുമൊക്കെ കേട്ട മലയാളികളൊന്നടങ്കം പറഞ്ഞത് ഞങ്ങളുടെ കേരളം ഇങ്ങനെയല്ല എന്നാണ്.
പിന്നാലെ സോഷ്യല്‍ മീഡിയ പേജുകള്‍ പരംസുന്ദരി ട്രെയിലറിനെ എയറിലാക്കി. എന്നാല്‍ പരംസുന്ദരി ടീമുകള്‍ ഇത്തരം വിഡിയോകള്‍ക്ക് കോപ്പിറൈറ്റ് അടിച്ചത് വീണ്ടും വിവാദത്തിനിടയാക്കി. 'കുളമാക്കി വക്കുന്നതും പോര വിമര്‍ശനവും പാടില്ലേ' എന്നായി പിന്നെ വന്ന വിമര്‍ശനം.
വിവാദങ്ങള്‍ക്കിടെ വീണ്ടും ചിത്രത്തിലെ പാട്ട് പുറത്തുവന്നിരിക്കുകയാണ്. മലയാളം വരികളിലാണ് പാട്ടിന്‍റെ തുടക്കം തന്നെ. 'ചുവപ്പുനിറത്തിലെ സാരിയില്‍ ഞങ്ങള്‍ എല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ' എന്നാണ് പാട്ട് തുടങ്ങുന്നത്. മുന്‍പ് പുറത്തിറങ്ങിയ സിദ്ധാര്‍ഥിന്‍റെ 'കാലാ ചഷമാ' എന്ന പാട്ടിനോട് സാദ്യശമുള്ള രീതിയിലാണ് മലയാളം വരികളുമായി പാട്ട് തുടങ്ങുന്നത്.
എന്നാല്‍ വരികളിലെ പോരായ് ചൂണ്ടിക്കാട്ടി വീണ്ടും മലയാളികള്‍ എത്തി. നിങ്ങള്‍ക്കിനിയും മതിയായില്ലേ എന്നാണ് മലയാളികളുടെ കമന്‍റ്. സ്ഥിരം ബോളിവുഡ് ഗ്ലാമര്‍ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന പാട്ടില്‍ മലയാള തനിമയുള്ള ചുവടുകള്‍ പോലുമില്ലല്ലോ എന്നും വിമര്‍ശനങ്ങളുണ്ട്.