സിനിമയിലേക്ക് ചുവടുവച്ച് റാപ്പര്‍ ഗബ്രി. 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാന്‍റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലാണ് ഗബ്രി പാടിയിരിക്കുന്നത്. 'ഫൈറ്റ് ദ നൈറ്റ്' എന്ന പേരിൽ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' ആന്തം എന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ പാട്ട് പുറത്ത് വിട്ടിരിക്കുന്നത്. പാട്ട് യൂട്യൂബില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷം വ്യൂസിലേക്ക് കുതിക്കുകയാണ്. പാട്ടിന്‍റെ വരികൾ രചിച്ചതും ഗബ്രി തന്നെയാണ്. ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്.
പ്രശസ്ത എഡിറ്ററായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’. മാത്യു തോമസാണ് നായകന്‍. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.