പ്രകാശ് മാത്യുവിനെ ഓര്‍മയില്ലേ? പ്രണയം തുറന്നുപറഞ്ഞ് നിശ്ചയവും കഴിഞ്ഞ് വിവാഹത്തിന്‍റെ വക്ക് വരെയെത്തിയിട്ടും ഒടുവില്‍ സോന എബിയോടൊപ്പം തന്നെ പോയി. പ്രകാശ് മാത്യുവിനെ ആരും ഓര്‍ത്തില്ല. കാലങ്ങള്‍ കഴിഞ്ഞ് സോഷ്യല്‍ മീഡിയയും ട്രോളുകളും സാധാരണമായപ്പോള്‍ പ്രകാശ് മാത്യുവിനെ ട്രോളാനും ആളുകളെത്തി. എന്നാല്‍ അതൊക്കെ പഴംങ്കഥ. 1999ല്‍ പുറത്തിറങ്ങിയ നിറത്തിലെ നിരാശകാമുകനല്ല ഇന്ന് പ്രകാശ് മാത്യു, ലോകം അറിയുന്ന സെലിബ്രിറ്റിയാണ്.
സിക്സ് എയ്റ്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'നിറത്തിലെ' 'പ്രായം നമ്മില്‍ മോഹം നല്‍കി' പാട്ടും 'ദി വിക്കെന്‍ഡിന്‍റെ' 'സ്റ്റാര്‍ ബോയി'യും മിക്സ് ചെയ്തുള്ള മാഷപ്പ് പുറത്തുവന്നത്. മുമ്പും പല മലയാളം പാട്ടുകളും ഇംഗ്ലീഷ് പാട്ടുകളും മിക്സ് ചെയ്ത് ഈ ചാനലില്‍ മാഷപ്പുകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. എഐയുടെ സഹായത്തോടെ പ്രകാശ് മാത്യുവിന്‍റെ ആരും അറിയാത്ത കഥ കൂടി കാണിക്കുകയാണ് ഈ പാട്ടില്‍.
ഹൃദയം തകര്‍ന്നയിടത്തുനിന്നും ലോകവേദികളിലേക്കുള്ള പ്രകാശിന്‍റെ കുതിപ്പാണ് 2025ലെ പ്രായം നമ്മില്‍ പറയുന്നത്. ആയിരങ്ങള്‍ തടിച്ചുകൂടിയ വേദികളെ ഹരംകൊള്ളിച്ചും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ മോഡലായും സെലിബ്രിറ്റികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുമാണ് പാട്ടില്‍ പ്രകാശ് മാത്യു എത്തുന്നത്. ശക്തമായ തിരിച്ചുവരവ് നടത്തിയ പ്രകാശ് മാത്യുവിന് വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. വിഡിയോയും വൈറലായി.