ഫയല്‍ ചിത്രം.
‘മിന്നല്‍വള’യാണ് ഇപ്പോള്‍ റീല്‍സ് ഭരിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമായ ‘നരിവേട്ട’യിലെ പാട്ട് ഇപ്പോഴും ട്രെന്‍ഡിങ്ങാണ്. എന്താണ് ഈ മിന്നല്‍വള എന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. ഇപ്പോഴിതാ അതിന് പാട്ടിന് വരികളെഴുതിയ സാക്ഷാല്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി തന്നെ വ്യക്തത വരുത്തുകയാണ്. ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൈതപ്രം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
‘ശരിക്കും അത് കാളിദാസനിലാണ് പോയി എത്തിച്ചേരുക. ശ്രീരാമന്‍ സീതയോടുകൂടി ലങ്കയില്‍ നിന്ന് തിരിച്ചുവന്നത് പുഷ്പകവിമാനത്തിലാണ്. അന്നത്തെ വിമാനത്തില്‍ നിന്ന് കൈ പുറത്തേക്കിടാം. അങ്ങനെ സീത കൈ പുറത്തേക്കിട്ടപ്പോള്‍ മിന്നല്‍ കയ്യില്‍ കയറി ചുറ്റി. അതൊരു വളയായി മാറി. ഈ സങ്കല്‍പത്തെയാണ് ‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ’ എന്ന വരിയില്‍ ഉള്‍പ്പെടുത്തിയത്. അത് സീത തന്നെയാണ്. വേറൊരു ന്യായം കൂടിയുണ്ട് അവര്‍ (സീത) ഭൂമിപുത്രിയാണ്. ഇത് എര്‍ത്താണ്, മിന്നല്‍ കയറി കയ്യില്‍ ചുറ്റും’ എന്നാണ് എന്താണ് മിന്നല്‍വള എന്ന ചോദ്യത്തിന് കൈതപ്രം നല്‍കിയിരിക്കുന്ന വിശദീകരണം.
ജേക്‌സ് ബിജോയിയാണ് മിന്നല്‍വള കംമ്പോസ് ചെയ്തിരിക്കുന്നത്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്. ചെറിയൊരു ഇടവേളക്ക് ശേഷം മുഖ്യധാര സിനിമ സംഗീതത്തിലേക്കുള്ള കൈതപ്രത്തിന്റെ തിരിച്ചു വരവാണ് നരിവേട്ടയിലൂടെ അടയാളപ്പെടുത്തുന്നത്. റാപ്പര്‍ വേടനും ചിത്രത്തില്‍ ഒരു പാട്ട് ചെയ്തിട്ടുണ്ട്. ‘വാടാ വേടാ’ എന്ന പാട്ടാണത്. ജേക്ക്സ് ബിജോയി തന്നെയാണ് വേടന്‍റെ പാട്ടിനും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അറസ്റ്റിനും വിവാദങ്ങള്‍ക്കും ശേഷം വേടന്‍ ആദ്യമായി സിനിമയില്‍ പാടിയ പാട്ട് കൂടിയായിരുന്നു ഇത്. വേടന്‍ തന്നെയാണ് പാട്ടിന്‍റെ വരികളെഴുതിയിരിക്കുന്നത്. കാടിന്‍റെ മക്കളോടുള്ള ഭരണകൂടത്തിന്‍റെ അനീതിയാണ് പാട്ടിലെ തീം.