ടൊവിനോ തോമസ് ചിത്രം നരിവേട്ടയിലെ പാട്ട് പുറത്ത്. റാപ്പര്‍ വേടന്‍ പാടിയ വാടാ വേടാ എന്ന പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അറസ്റ്റിനും വിവാദങ്ങള്‍ക്കും ശേഷം വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്ന പാട്ടാണിത്. വേടന്‍ തന്നെയാണ് പാട്ടിന്‍റെ വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും പാട്ടിലുണ്ട്. കാടിന്‍റെ മക്കളോടുള്ള ഭരണകൂടത്തിന്‍റെ അനീതിയാണ് പാട്ടിലേയും തീം. നേരത്തെ പുറത്തുവന്ന നരിവേട്ടയിലെ ''മിന്നല്‍ വള'' ഇപ്പോഴും ട്രെന്‍ഡിങ്ങായി തുടരുകയാണ്.
ഇഷ്‌ക് എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് നരിവേട്ട.‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും തമിഴ് സംവിധായകനും നടനുമായ ചേരനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. കേരള ചരിത്രത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.