വാദ്യോപകരണങ്ങളുമായി വീണ്ടും വിസ്മയം തീര്‍ക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ രാഘവ് സച്ചാര്‍. പാട്ടുപാടിയും വാദ്യോപകരണങ്ങളില്‍ വ്യത്യസ്തത പരീക്ഷിച്ചും നേരത്തെയും ശ്രദ്ധനേടിയിട്ടുണ്ട് സച്ചാര്‍. ഇപ്പോള്‍ എക്സില്‍ പങ്കുവച്ച സച്ചാറിന്‍റെ ഒരു മിനിറ്റ് 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ ആണ് വൈറലായിരിക്കുന്നത്.
സംഗതി ഇതാണ്. ദേശീയ ഗാനത്തിന്‍റെ ഒരു മ്യൂസിക്കല്‍ ട്രീറ്റ്. ദേശീയഗാനം പാടിയിരിക്കുന്നത് വ്യത്യസ്തമായ 11 വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ്. ഗാനത്തിന്‍റ താളം മുറിയാതെ വാദ്യോപകരണങ്ങള്‍ മാറി മാറി ഉപയോഗിച്ചിരിക്കുന്നു. സോപ്രാനോ സാക്സോഫോണ്‍, മൗത്ത് ഓര്‍ഗണ്‍, ക്ലാര്‍നെറ്റ്, ഗ്ലോക്കന്‍സ്‍പീല്‍സ്, ടെനര്‍ റെക്കോര്‍ഡര്‍, ഹാന്‍ഡ്‍പാന്‍, ഓള്‍ട്ടോ സാക്സോഫോണ്‍, സീബോര്‍ഡ്, പിക്കോളോ, ജിയോഷ്രെഡ്, സന്തൂര്‍ എന്നിവ ഉപയോഗിച്ചാണ് ദേശീയഗാനം പാടിയത്. റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ചാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ് ഉള്‍പ്പടെ നിരവധി പേര്‍ ഇതിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. നാല്‍പ്പത് വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്ത് കഴിവ് തെളിയിച്ച ഗായകനാണ് രാഘവ് സച്ചാര്‍. ഒരു മിനിറ്റില്‍ 11 വ്യത്യസ്ത വാദ്യോപകരണങ്ങള്‍ വായിച്ചും റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും ശ്രദ്ധേയമായ മ്യൂസിക്കല്‍ ഷോ ചെയ്യുന്ന 43കാരനായ സച്ചാര്‍ നിരവധി ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. "24 കാരറ്റ്". " ഫോര്‍ ദി ഫസ്റ്റ് ടൈം" എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ചിത്രം ''കാബൂള്‍ എക്സ്പ്രസില്‍'' സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.