പൊതുവേദിയില്‍ ഗായിക ഷാക്കിറയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. വേദിയില്‍ പാട്ട് പാടികൊണ്ട് നില്‍ക്കെ മുന്‍നിരയിലുണ്ടായിരുന്ന ഒരാള്‍ കാമറ ഷാക്കിറയുടെ വസ്ത്രത്തിന്‍റെ തൊട്ടുതാഴെ കൊണ്ടുവന്നു. ഇതോടെ പാട്ട് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംഭവത്തില്‍ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. എത്ര വലിയ സെലിബ്രിറ്റികള്‍ക്കു നേരെയും ഇത്തരത്തിലുള്ള ചില പ്രവര്‍ത്തികള്‍, അതും പൊതുമധ്യത്തിലുണ്ടാകുന്നുവെന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു, എങ്ങനെയാണ് ഇതുപോലെയുള്ളവരോട് പ്രതികരിക്കേണ്ടത്? എന്നാണ് പലരും കമന്‍റുമായി എത്തിയിരിക്കുന്നത്.
ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം. സോൾട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നിലായി നിന്ന് നൃത്തം ചെയ്യവേയാണ് ഒരാള്‍ തന്‍റെ വസ്ത്രത്തിന്‍റെ അടിയിലേക്ക് കാമറ ഫോക്കസ് ചെയ്യുന്നത് ഷാക്കിറ ശ്രദ്ധിച്ചത്. ഇത് കണ്ടയുടനെ തന്നെ അയാളോട് അങ്ങനെ ചെയ്യരുതെന്ന് ഷാക്കിറ താക്കീത് നല്‍കുന്നുണ്ട്. എന്താണ് ചെയ്യുന്നത്, അത് പാടില്ല എന്ന് കൈകള്‍ കൊണ്ട് ആദ്യം ആഗ്യം കാണിച്ചു. വേദിയില്‍ തുടര്‍ന്ന ഷാക്കിറയ്ക്കു നേരെ അയാള്‍ കാമറയുമായി അടുത്തതോടെ വേദിവിടുകയായിരുന്നു അവര്‍.
സ്ത്രീസുരക്ഷ എന്ന വാക്ക് എത്രത്തോളം പ്രഹസനമാകുന്നുവെന്നതിന് തെളിവാണ് ഈ സംഭവം എന്നാണ് ചിലരുടെ കമന്‍റ്. ഇത്തരത്തില് പെരുമാറുന്നവര്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടാകും, അല്ലാത്തപക്ഷം ഒരു സ്ത്രീയോട് എങ്ങനെ ഇത്രയും മോശമായി പെരുമാറാനാകും എന്നാണ് ചിലര്‍ കമന്‍റില്‍ ചോദിക്കുന്നത്.