രജനികാന്ത് നായകനായെത്തുന്ന 'വേട്ടയ്യനി'ലെ ആദ്യ ഗാനം 'മനസിലായോ' പുറത്തിറങ്ങി. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനിക്കൊപ്പം എത്തുന്നത് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ്. ഇരുവരും ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന 'മനസിലായോ' ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. തമിഴും മലയാളവും കലർന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 'മനസിലായോ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി. സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്നാണ് പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് 'മനസിലായോ' ഗാനം ആലപിച്ചിരിക്കുന്നത്. 13 വർഷങ്ങൾ മുൻപ് അന്തരിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം എഐയുടെ സഹായത്തോടെയാണ് ഈ ഗാനത്തിനായി പുനസൃഷ്ട്ടിച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് രജനികാന്ത് നായകനായെത്തുന്ന വേട്ടയ്യന്‍.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ടി ജെ ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി റിലീസിനൊരുങ്ങുന്ന വേട്ടയ്യന്‍ നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.