ബേസിൽ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് സുഹൈൽ കോയ ആണ് വരികൾ കുറിച്ചിരിക്കുന്നത്. അങ്കിത് മേനോൻ ഈണമൊരുക്കിയ ഗാനം അങ്കിത്, മിലൻ ജോയ്, ഹിംന ഹിലരി, അരുണ മേരി ജോർജ്, ഇന്ദു ദീപു, ശരത്, നീലിമ.പി.ആര്യൻ, പാർവതിഷ് പ്രദീപ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.
വിവാഹാഘോഷത്തിന്‍റെ വർണക്കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വിവാഹത്തിനിടെയുള്ള രസകരമായ സംഭവങ്ങൾ കോർത്തിണക്കിയൊരുങ്ങുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. അങ്കിത് മേനോന്‍ ആണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.