അനന്ത് അംബാനി തന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അവകാശപ്പെടുന്ന വൈറൽ ഇൻസ്റ്റാഗ്രാം റീലിനെതിരെ നിയമനടപടിയുമായി ഷാരൂഖ് ഖാന്‍. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുവിഗ്യ ശർമ്മയ്ക്കെതിരെയാണ് ഷാരൂഖ് ഖാൻ മാനനഷ്ടക്കേസിന്‍റെ നോട്ടീസ് അയച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്.

അനന്ത് അംബാനി സദ്ഗുരുവുമായി സംസാരിക്കുന്നതും, ഷാരൂഖ് ഖാൻ അനന്ത് അംബാനിയുമായി സംസാരിക്കുന്നതുമായ വ്യത്യസ്ത വിഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർത്താണ് വിവാദ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. സംഭാഷണത്തിനിടെ ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു വിഡിയോയിലെ ആരോപണം.

തിങ്കളാഴ്ച അയച്ച നോട്ടീസിൽ, ഈ അവകാശവാദങ്ങൾ 'തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന്' ഷാരൂഖ് വ്യക്തമാക്കുന്നു. റീൽ ഉടൻ നീക്കം ചെയ്യുക, ഈ അവകാശവാദം പ്രചരിപ്പിക്കുന്നത് നിർത്തുക, അനുബന്ധ അടിക്കുറിപ്പുകളും പ്രസ്താവനകളും നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യുക, യഥാർത്ഥ ദൃശ്യങ്ങളും രേഖകളും സൂക്ഷിക്കുക, ആവശ്യങ്ങൾ നടപ്പിലാക്കിയെന്ന് രേഖാമൂലം സ്ഥിരീകരിക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണ് ഷാരൂഖ് ഉന്നയിച്ചിരിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ നല്‍കിയിരിക്കുന്നത് 48 മണിക്കൂറാണ്.

അതേസമയം ഷാരൂഖിനെതിരെ സുവിഗ്യ ശർമ്മയും രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുന്ന വിമര്‍ശനമാണ് തന്‍റേതെന്ന് സുവിഗ്യ വാദിച്ചു. 'ഷാരൂഖ് ഖാനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടയാൾ അദ്ദേഹത്തെ അപമാനിച്ചില്ലെന്നാണോ? അതോ അപമാനിക്കപ്പെട്ടെന്ന് പറയാനുള്ള ധൈര്യം ഷാരൂഖ് ഖാനില്ലെന്നാണോ? എന്നാൽ ഞങ്ങൾ അദ്ദേഹത്തെ അപമാനിച്ചെന്നാണ് ആരോപണം,' പുറത്തുവിട്ട വിഡിയോയിൽ സുവിഗ്യ ശർമ പ്രതികരിച്ചു.

ENGLISH SUMMARY:

Shah Rukh Khan has sent a defamation legal notice to social media influencer Suvigya Sharma over a viral Instagram reel alleging that Anant Ambani gestured for him to stay quiet. The controversial video spliced together separate clips of Anant Ambani speaking with Sadhguru and Shah Rukh Khan speaking with Anant Ambani to make the claim. Sent on Monday with a 48-hour compliance deadline, the notice labels the claims misleading and defamatory and sets five demands: immediately removing the reel, ceasing circulation of the claim, deleting or correcting related captions and statements, preserving original footage and records, and providing written confirmation of compliance. Meanwhile, Sharma pushed back in a video response, arguing her post constitutes criticism protected under freedom of expression and questioning why no insult was alleged against the person who supposedly told Khan to be quiet while she was accused of insulting him.