സംഗീത നിശകളിൽ തന്‍റെ പാട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 'ഓറ ഇന്ത്യ ടൂർ 2026' സംഗീത നിശയ്ക്കിടെയാണ് ദിൽജിത് അധികൃതരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തത്.
വിദേശ ബാൻഡായ കോൾഡ്‌പ്ലേയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ദിൽജിത് ചോദ്യമുന്നയിച്ചത്. കഴിഞ്ഞ വര്‍ഷം കോള്‍ഡ്പ്ലേ ഇന്ത്യയില്‍ വന്ന് പരിപാടി അവതരിപ്പിച്ചപ്പോഴാണ് തനിക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാടണമെന്ന് ആഗ്രഹം ഉണ്ടായതെന്നും അവര്‍ 'ഐ ആം ഫീലിങ് ഡ്രങ്ക് ആൻഡ് ഹൈ' പാടുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
'കോൾഡ്‌പ്ലേ 'ഐ ആം ഫീലിങ് ഡ്രങ്ക് ആൻഡ് ഹൈ' എന്ന് പാടുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. എനിക്കും ആ പാട്ട് ഇഷ്ടമാണ്. വിദേശത്തുനിന്ന് ഒരു കലാകാരൻ വന്ന് അത് പാടുമ്പോൾ ആർക്കും പരാതിയില്ല. എന്നാൽ ദിൽജിത് അതുപോലെ പാടുമ്പോഴാണ് പ്രശ്നം. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്?' ദിൽജിത് ചോദിച്ചു.
താൻ വിദേശത്തുനിന്ന് വന്നയാളാണെന്ന തരത്തിലാണ് പലരും പെരുമാറുന്നതെന്നും താരം പറഞ്ഞു. താന്‍ ഇവിടെത്തന്നെയാണ് ജനിച്ചത്. അല്ലാതെ ഹോണോലുലുവിൽ അല്ല. ലോകമെമ്പാടും യാത്ര ചെയ്യുന്നുണ്ട്. തനിക്കൊപ്പം പിന്നണിയിൽ നിൽക്കുന്ന സംഗീതജ്ഞരെല്ലാം ഇന്ത്യയില്‍ ജനിച്ചവരാണെന്നും ദില്‍ജിത് പറയുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിൽ തനിക്കുമേൽ ഏര്‍പ്പെടുത്തിക്കോളൂ എന്നും ഇനിയിപ്പോൾ കവിതകൾക്കും വിലക്ക് വരുമോ എന്നറിയില്ലെന്നും ദിൽജിത് കൂട്ടിച്ചേർത്തു. പ്രകോപിപ്പിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'നിങ്ങൾ എന്നെ പ്രകോപിപ്പിച്ചാൽ ഞാൻ തീർച്ചയായും പ്രതികരിക്കും. എന്‍റെ ക്ഷമ പരീക്ഷിച്ചാൽ ഞാൻ ട്രെൻഡിങ് ആകും. അതുകൊണ്ട് എന്നെ പ്രകോപിപ്പിക്കരുത്. ഞാൻ എന്‍റെ പരിപാടികൾ അവതരിപ്പിക്കും. കൃത്യമായി നികുതി അടയ്ക്കും. എന്നിട്ട് പഞ്ചാബി സംഗീതവും ഇന്ത്യൻ സംഗീതവും ലോകമെമ്പാടും എത്തിക്കുന്നത് തുടരും.'– ദിൽജിത് പറഞ്ഞു.
മദ്യത്തെയും ലഹരിയെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാട്ടുകൾ വേദിയിൽ പാടരുതെന്നും കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുതെന്നും ഗുജറാത്ത് ശിശുസംരക്ഷണ അതോറിറ്റി ദിൽജിത്തിന് നിർദ്ദേശം നൽകിയിരുന്നു. ചണ്ഡീഗഡ് സ്വദേശിയായ പ്രൊഫസർ പണ്ഡിറ്റ്‌റാവു ധരേനവർ നൽകിയ പരാതിയെത്തുടർന്നാണ് ശിശുസംരക്ഷണ അതോറിറ്റിയുടെ നടപടി. ഇതിന് പിന്നാലെയാണ് ദില്‍ജിത് പ്രതികരണവുമായി രംഗത്തെത്തിയത്.