ഫയല്‍ ചിത്രം
കാൽമുട്ടിനേറ്റ ഗുരുതരമായ പരുക്കിൽ നിന്നും വേഗത്തിൽ മുക്തി നേടാൻ താൻ സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം പരേഷ് റാവൽ. 1996-ൽ പുറത്തിറങ്ങിയ സണ്ണി ഡിയോൾ ചിത്രം 'ഘതകിന്‍റെ’ ചിത്രീകരണത്തിനിടയില്‍ കാൽ വഴുതി വീണാണ് താരത്തിന് ഗുരുതരമായി പരുക്കേറ്റത്. സഹപ്രവർത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഉടൻതന്നെ മുംബൈയിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തന്റെ കരിയർ തന്നെ അവസാനിച്ചുപോകുമെന്ന് ഭയന്ന ആ ദിവസങ്ങളെക്കുറിച്ചാണ് താരം മനസ് തുറന്നത്.
ആശുപത്രിയിൽ കിടക്കവേ അന്തരിച്ച പ്രശസ്ത ആക്ഷൻ ഡയറക്ടറും നടന്‍ അജയ് ദേവ്ഗന്റെ പിതാവുമായ വീരു ദേവ്ഗണ്‍ പരേഷ് റാവലിനെ കാണാൻ എത്തിയിരുന്നു. പരുക്കിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹമാണ് വിചിത്രമായ ‘വഴി’ ഉപദേശിച്ചത്. ‘രാവിലെ എഴുന്നേറ്റ ഉടൻ സ്വന്തം മൂത്രം കുടിക്കുക, എല്ലാ ആക്ഷൻ ഫൈറ്റർമാരും ഇത് ചെയ്യാറുണ്ട്, യാതൊരു പ്രശ്നവും ഉണ്ടാകില്ല’ എന്നായിരുന്നു വീരു ദേവ്ഗണ്‍ നൽകിയ ഉപദേശം. കൂടാതെ മദ്യം, പുകയില, മാംസാഹാരം എന്നിവ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തുടക്കത്തിൽ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും, പരുക്കിൽ നിന്ന് എത്രയും പെട്ടെന്ന് മോചിതനാകാന്‍ താന്‍ എന്തിനും തയ്യാറായിരുന്നുവെന്ന് പരേഷ് റാവല്‍ പറയുന്നു. ‘പെട്ടെന്ന് വിഴുങ്ങാതെ, ബിയർ സിപ്പ് ചെയ്ത് കുടിക്കുന്നത് പോലെ ഞാൻ പതിയെ കുടിച്ചു. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് കൃത്യമായ രീതിയിൽ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം’– പരേഷ് റാവൽ പറഞ്ഞു. തുടർച്ചയായി 15 ദിവസം ഈ രീതി പിന്തുടർന്നു. ഇതിനുശേഷം എക്സ്-റേ എടുത്തപ്പോൾ ഡോക്ടർമാർ പോലും അദ്ഭുതപ്പെട്ടുപോയെന്നും താരം അവകാശപ്പെടുന്നു.
സാധാരണഗതിയിൽ ഈ പരുക്കിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിക്കാൻ രണ്ടര മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ 15 ദിവസത്തെ ഈ ‘ചികില്‍സ’യ്ക്ക് ശേഷം എക്സ്-റേ പരിശോധന നടത്തിയ ഡോക്ടർമാർ അമ്പരന്നുപോയി. ‘ഇത് എങ്ങനെ സംഭവിച്ചു?’ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചതായും പരേഷ് റാവൽ പറഞ്ഞു. രണ്ടര മാസം കൊണ്ട് സുഖപ്പെടുമെന്ന് കരുതിയ പരുക്ക് ഒന്നര മാസം കൊണ്ട് ഭേദമായി തനിക്ക് ജോലിയിലേക്ക് തിരികെ പോകാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരം ചികിത്സാ രീതികൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ വീണ്ടും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. മൂത്രം അണുവിമുക്തമാണെന്ന വിശ്വാസം വെറുമൊരു ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത് താരത്തിന്റെ വ്യക്തിപരമായ അനുഭവം മാത്രമാണ്. മൂത്രം കുടിക്കുന്നത് ഒന്നിനും ചികിത്സയല്ല; ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതിയുമല്ല.