sarath-das

കണ്ടാൽ സുന്ദരൻ .. കേട്ടാലും സുന്ദരൻ.. ഇങ്ങനെയൊരു വിശേഷണം നടന്‍ ശരത്ദാസിനല്ലാതെ ആര്‍ക്കാണ് ചേരുക. ശരീരസൗന്ദര്യംകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകമനസുകളെ സ്വന്തമാക്കിയ ശരത്തിന്റെ സുന്ദര ശബ്ദം ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ തലത്തിലും അലയടിക്കുകയാണ്. അതെ, തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ‘രാമായണ’ സിനിമയില്‍ ശ്രീരാമന് മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് ശരത് ദാസാണ്. ശ്രീരാമ ഭക്തന്‍ കൂടിയായ താരത്തിന് ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് വേണ്ടത്. 

രാമശബ്ദം വന്ന വഴി

അഞ്ച് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. സൗണ്ട് എന്‍ജിനീയര്‍ എ.ആര്‍. നിര്‍മല്‍ വഴിയാണ് അന്വേഷണം എന്നിലേക്കെത്തിയത്. ശ്രീ മഹാഭാഗവതം സീരിയലിലെ ശ്രീകൃഷ്ണന്റെ വേഷം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മലയാളികളായ നിരവധി പേരെ അദ്ദേഹം സമീപിച്ചിരുന്നു. ഓഡീഷന് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. സിനിമ ഏതാണെന്ന് പറഞ്ഞിരുന്നില്ല. വാട്സാപ്പില്‍ ഒരു ഡയലോഗ് അയച്ചു തന്നു. ഈ ശബ്ദം എവിടെയോ കേട്ട പോലെ തോന്നിയിരുന്നു. അവര്‍ ആവശ്യപ്പെട്ട രീതിയില്‍ ഡയലോഗ് പറഞ്ഞ് തിരിച്ചയച്ചു. ഇതാണ് ആദ്യ ഘട്ടം. പിന്നീട് വിഡിയോ അയച്ചു കൊടുത്തു. മൂന്നാം സ്റ്റേജിലാണ് എറണാകുളം സ്റ്റുഡിയോയില്‍ എത്താന്‍ പറഞ്ഞത്. അവിടെ വച്ചാണ് വാട്സാപ്പില്‍ തനിക്ക് അയച്ചു തന്നെ ഡയലോഗ് രണ്‍ബീര്‍ കപൂറിന്റേതാണെന്ന് അറിയുന്നത്. ട്രെയിലര്‍ ഇറങ്ങിയപ്പോഴേക്കും പരിചയമുള്ളവര്‍ക്കൊക്കെ എന്റെ ശബ്ദം മനസിലായി. പബ്ലിസിറ്റി കൊടുക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആരോടും തുറന്നു പറഞ്ഞില്ല. ഡബ്ബിങ്ങിനായി എട്ടു ദിവസമെടുത്തു. 

Also read: ബോക്സ് ഓഫിസില്‍ ‘രാമായണ’ത്തിന്‍റെ തേരോട്ടം; ഇന്ത്യയിൽ 440 കോടിയുടെ കലക്ഷന്‍


രണ്‍ബീറിന്റെ ചുണ്ടുകളുടെ ചലനം മലയാളത്തില്‍ എടുക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ആ നീക്കം ഉപേക്ഷിച്ചു. ട്രെയിലറില്‍ മാത്രം രണ്‍ബീര്‍ മലയാളം സംസാരിക്കുന്ന രീതിയില്‍ എടുത്തു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ഒരു പക്ഷെ എന്റേതായിരിക്കാം. 

തയ്യാറെടുപ്പ്

ശ്രീ രാമന്റെ വൈകാരികതയ്ക്കായിരുന്നു ഊന്നല്‍ നല്‍കിയത്. രണ്‍ബീറിന്റെ ശബ്ദം അനുകരിക്കാന്‍ സാധിക്കില്ല. തണുപ്പ് പെട്ടെന്ന് ബാധിക്കുന്ന തൊണ്ടയാണ് എന്റേത്. കോള്‍ഡ് കോഫി, ഐസ്ക്രീം  ഒഴിവാക്കി. പൈനാപ്പിള്‍ അലര്‍ജിയാതിനാല്‍ അതൊഴിവാക്കി. നിരവധി ത്യാഗങ്ങള്‍ സഹിച്ചു. ഭാര്യ സീനിയര്‍ ഓഡിയോളജിസ്റ്റായത് ഉപകരിച്ചു. പലതരത്തിലും ശബ്ദം മെച്ചപ്പെടുത്താന്‍ ഭാര്യ സഹായിച്ചു. സാക്ഷാല്‍ രാമന്റെ ശബ്ദമാണ്. സിനിമ പുറത്തിറങ്ങുമ്പോള്‍ മോശം അഭിപ്രായം വരുന്നത് ചിന്തിക്കാനാകില്ല. അതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പ്രാര്‍ഥനയോടെയായിരുന്നു ഡബ്ബ് ചെയ്തത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്നത് എടുത്തു പറയണം. ഓരോ ആര്‍ട്ടിസ്റ്റിനും സമയവും വിശ്രമവും നല്‍കി. സിനിമ ഇറങ്ങിയ ശേഷമാണ് രാമനു വേണ്ടിയുള്ള എന്റെ ഡബ്ബിങ് എനിക്ക് പൂര്‍ണമായും കാണാനായത്. രണ്‍ബീറിനെ നേരിട്ട് കാണാന്‍ സാധിച്ചില്ലെന്ന സങ്കടമുണ്ട്. കഥാപാത്രത്തിനായി അദ്ദേഹത്തിന്റെ അധ്വാനം വലുതായിരുന്നു. 

ശ്രീരാമ ഭക്തനാണോ ?

തീര്‍ച്ചയായും. ശ്രീകൃഷ്ണനേയും ശ്രീരാമനേയും ഒരുപോലെ ആരാധിക്കുന്ന ഭക്തനാണ് ഞാന്‍. ശ്രീകൃഷ്ണന്റെ വേഷവും ശബ്ദവും കുറച്ചു കൂടി എളുപ്പമാണ്. രാമന്‍ നിരവധി അന്തഃസംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിത്വമാണ്. അത് ശബ്ദത്തിലും പ്രതിഫലിക്കണം. 

ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ശരത്

അന്യഭാഷകളില്‍ നൂറോളം സിനിമകളില്‍ ശബ്ദം നല്‍കി. ഇതില്‍ സൂപ്പര്‍താരങ്ങളും ഉള്‍പ്പെടുന്നു. ഞാന്‍ പോലും അറിയാതെയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായത്. ‘നമ്മള്‍ ’ സിനിമയില്‍ സിദ്ധാര്‍ഥ് ഭരതിനു ശബ്ദം നല്‍കിയായിരുന്നു തുടക്കം. ‘അച്ചുവിന്റെ അമ്മ’യില്‍ നരെയ്നു ശബ്ദം കൊടുത്തു. അതിന് ആദ്യ സംസ്ഥാന അവാര്‍ഡും കിട്ടി. 

അടുത്ത പ്രോജക്ട്

രാമായണ രണ്ടാം ഭാഗം തന്നെ. അതിലായിരിക്കും യഥാര്‍ഥ രാമനെ കാണാനാകുക. എല്ലാവരും ഇപ്പോഴേ എന്നെ വിളിച്ച് അന്വേഷണം തുടങ്ങി. 

മനസില്‍ തങ്ങി നില്‍ക്കുന്ന രാമന്റെ വാക്കുകള്‍

വനവാസത്തിനു പോകും മുന്‍പ് കൈകേയിയോടു പറയുന്ന വാക്കുകള്‍. ‘ അമ്മേ.. ഞാന്‍ തിരികെയെത്തുമ്പോള്‍ എനിക്ക് ആദ്യ ഉരുള തരേണ്ടത് അമ്മയായിരിക്കണം’. സ്നേഹനിധിയായ രാമന്റെ ഈ ഡയലോഗ് പറഞ്ഞ ശേഷം അഞ്ചു മിനിറ്റ് ഞാന്‍ കരയുകയായിരുന്നു. 

 

‘രാവണന്‍ മൂന്നു ലോകങ്ങള്‍ക്ക് അധിപനാണെങ്കില്‍ ആ മൂന്നു ലോകങ്ങളേയും സാക്ഷിയാക്കി ഞാന്‍ അവനെ വധിച്ചിരിക്കും. ആര് എതിര്‍ക്കാന്‍ ശ്രമിക്കുന്നോ അവരേയും വധിക്കും. ഇത് ദശരഥപുത്രന്റെ വാക്ക്...’ തിയറ്റുകളില്‍ നിലക്കാത്ത കയ്യടി കിട്ടിയ ഈ ഡയലോഗും എനിക്ക് പ്രിയപ്പെട്ടതാണ്. 

ENGLISH SUMMARY:

Malayala Manorama Online News reports that popular dubbing artist Sarath Das poured his heart out while voicing Lord Rama in the latest cinematic adaptation of the epic. He shared his emotional journey and intense preparation behind giving Malayalam voice to the character portrayed by Ranbir Kapoor.