daya-sujith-parents-separation-interview

മാതാപിതാക്കളുടെ വേർപിരിയൽ തന്റെ ജീവിതത്തിൽ മാനസിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ദയ സുജിത്. കാർത്തിക് സൂര്യയുടെ യൂട്യൂബ് പോഡ്‌കാസ്റ്റിൽ അതിഥിയായി എത്തിയ ദയ, മഞ്ജു പിള്ളയുടേയും സുജിത് വാസുദേവിന്റെയും ജീവിതം, കരിയർ, വേർപിരിയൽ എന്നിവയെക്കുറിച്ചും മനസു തുറന്നു. പ്രശസ്തരായ മാതാപിതാക്കളുടെ മകൾ എന്നതിലുപരി സ്വന്തം വ്യക്തിത്വം തെളിയിക്കാനാണ് ആഗ്രഹമെന്നും ദയ വ്യക്തമാക്കി.

സിനിമാ രംഗത്ത് മാതാപിതാക്കൾ സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് നിലയുറപ്പിച്ചതെന്ന് ദയ പറഞ്ഞു. അമ്മ മഞ്ജു പിള്ളയുടെ കുടുംബത്തിൽ സിനിമാ പശ്ചാത്തലമുണ്ടായിരുന്നെങ്കിലും അമ്മ സ്വന്തം പരിശ്രമത്തിലൂടെയാണ് കരിയർ വളർത്തിയത്. സിനിമാ പശ്ചാത്തലമില്ലാതെയാണ് അച്ഛൻ സുജിത് വാസുദേവും ഈ രംഗത്ത് മുന്നോട്ടുവന്നത്. ഇരുവരുടെയും വർഷങ്ങളായുള്ള അധ്വാനത്തെയും അവർ നേടിയെടുത്ത പേരിനെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ദയ പറഞ്ഞു.

‘മഞ്ജു പിള്ളയുടെ മകൾ’ എന്നതിനപ്പുറം ‘ദയ സുജിത്’ എന്ന പേരിൽ അറിയപ്പെടണം. സ്വന്തം കഴിവുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വ്യക്തമായ ഐഡന്റിറ്റി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്'- ദയ പറയുന്നു. ‘മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് മാനസിക ബുദ്ധിമുട്ടോ ട്രോമയോ ഉണ്ടാക്കിയിട്ടില്ല. രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാനായി, എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാനാണ് അവരോട് പറഞ്ഞത്, കുറച്ചുകൂടി നേരത്തേ ഞാനത് പറയണമായിരുന്നു എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ശേഷം ഇരുവരും എല്ലാത്തരത്തിലും വളര്‍ന്നിട്ടേയുള്ളൂ...'–ദയ പറഞ്ഞു.

മുംബൈയിലെ ഫാഷൻ സ്കൂൾ ഉപേക്ഷിച്ച് ഇറ്റലിയിൽ പഠിക്കാൻ പോയപ്പോഴും കരിയറിൽ മാറ്റിയപ്പോളും അമ്മ പൂർണ പിന്തുണ നൽകിയിരുന്നുവെന്ന് ദയ പറയുന്നു. 'ഇറ്റലിയിൽ പഠിക്കുന്ന സമയത്ത് അമ്മയ്ക്ക് ഷൂട്ടിങ് തിരക്കുകൾ ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ എത്ര തിരക്കായിരുന്നാലും എന്‍റെ കോള്‍ മിസ്സാക്കില്ല' ദയ പറഞ്ഞു. 

സോഷ്യൽ മീഡിയയിലെ വിമർശനങ്ങളിൽ മാതാപിതാക്കളെ അനാവശ്യമായി വലിച്ചിഴച്ച് അധിക്ഷേപിച്ചപ്പോഴാണ് സൈബർ സെല്ലിൽ പരാതി നൽകിയതെന്നും ദയ വ്യക്തമാക്കി. വ്യക്തിപരമായ വിമർശനങ്ങൾ സാധാരണയായി അവഗണിക്കാറാണ് പതിവ്. എന്നാൽ കുടുംബത്തെ ഉൾപ്പെടുത്തി അധിക്ഷേപങ്ങള്‍ അതിരുവിട്ട സാഹചര്യങ്ങളിൽ നിയമപരമായി മുന്നോട്ടുപോയിട്ടുണ്ടെന്നും ദയ പറയുന്നു.

daya-sujith-parents-separation-interview:

Malayala Manorama Online News covers social media influencer and model Daya Sujith's recent statements about her parents' separation causing her no mental distress. She opened up on Karthik Surya's podcast about carving her own identity beyond being Manju Pillai and Sujith Vasudev's daughter.