എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സെപ്റ്റംബര്‍ 25, പുലര്‍ച്ചെ നാല് മണി കഴിഞ്ഞു... കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയപാതയില്‍ കാര്‍ ചീറിപ്പായുകയാണ്. കഴക്കൂട്ടത്തിന് മുന്‍പ് പള്ളിപ്പുറത്തെ ട്രാഫിക് സിഗ്നല്‍ പിന്നിട്ടതോടെ ആ കാര്‍ വഴിയരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മലയാളികള്‍ ഏറെ ആസ്വദിച്ചിരുന്ന ബാലു എന്ന വയലിന്‍ ശബ്ദം നിലച്ചത് ആ നിമിഷമാണ്...

ഇന്ന് അതേ വഴിയില്‍ സഞ്ചരിച്ചാല്‍ ആ ദേശിയപാതയില്‍ അവിടെയൊരു ട്രാഫിക് സിഗ്നലോ വഴിയരികില്‍ ഒരു മരമോ ഇല്ല. ദേശീയപാതാ വികസനത്തില്‍ അവിടം ആകെ മാറിപ്പോയി. അപകടം നടന്ന സ്ഥലം ഓര്‍ത്തെടുക്കാന്‍ പോലും അടയാളങ്ങളില്ല. ഏതാനും ദിവസം മുന്‍പ് ബാലുവിനെ നഷ്ടമായതിന്‍റെ എട്ടാം വാര്‍ഷികം കണ്ണീരോടെ കേരളം ഓര്‍ത്തു. ഇത്രയൊക്കെ മാറിയിട്ടും ആ മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ചുള്ള അന്വേഷണം നീളുകയാണ്.

2018 സെപ്റ്റംബര്‍ 24ന് വൈകിട്ട് തൃശൂരില്‍ നിന്നാണ് ആ ദുരന്തയാത്ര തുടങ്ങുന്നത്. വടക്കുന്നാഥ ക്ഷേത്രത്തില്‍ നേര്‍ച്ചയ്ക്കായി പോയതായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും കുഞ്ഞുമകള്‍ തേജസ്വിനിയും. പൂജയൊക്കെ കഴിഞ്ഞപ്പോള്‍ രാത്രി 11 മണിയായി. അന്ന് തൃശൂരില്‍ താമസിക്കാമെന്ന് പലരും പറഞ്ഞു. മുറിയും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ  രാത്രി തന്നെ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാമെന്ന് തീരുമാനിച്ചു. നാട്ടിലെത്തിയിട്ട് ബാലുവിന് പ്രാക്ടീസിന് പോകണമെന്നതായിരുന്നു കാരണം.

രാത്രി 11.40 ഓടെയാണ് തൃശൂരില്‍ നിന്ന് വണ്ടിയെടുത്തത്. നാല് പേരായിരുന്നു വണ്ടിയില്‍. ബാലുവും ലക്ഷ്മിയും കുഞ്ഞും കൂടാതെ ഡ്രൈവര്‍ അര്‍ജുന്‍. അര്‍‍ജുന്‍ പലപ്പോഴും ബാലുവിന്‍റെ വാഹനം ഓടിച്ചിട്ടുണ്ട്. അതിനൊക്കെയപ്പുറം ബാലുവും കുടുംബവുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിലെ ബന്ധുകൂടിയായിരുന്നു അര്‍ജുന്‍. ബാലു മധ്യത്തിലുള്ള സീറ്റിലിരുന്നു. ലക്ഷമി കുഞ്ഞിനെ മടിയില്‍ വെച്ച് മുന്നിലെ സീറ്റിലും.

വേഗത്തിലാണ് കാര്‍ പാഞ്ഞത്. ചാലക്കുടിയിലെ ട്രാഫിക് കാമറയില്‍ പതിയുമ്പോള്‍ കാറിന്‍റെ വേഗം മണിക്കൂറില്‍ 94 കിലോമീറ്ററാണ്. എറണാകുളവും ആലപ്പുഴയും പിന്നിട്ട് കൊല്ലത്തേക്ക് കാര്‍ പറന്നെത്തി. അവിടെ അല്‍പസമയം നിര്‍ത്തി ബാലുവും അര്‍ജുനും കരിക്കിന്‍ ജ്യൂസ് കുടിച്ചു. ലക്ഷ്മിയും കുഞ്ഞും കാറില്‍ തന്നെ ഇരുന്നു.

പുലര്‍ച്ചെ 3.40 ആയപ്പോഴേക്കും വണ്ടി ആറ്റിങ്ങല്‍ പിന്നിട്ടു. തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക് ചെയ്തു. പള്ളിപ്പുറം സിഗ്നലിന് മുന്നില്‍ ചെറിയൊരു കയറ്റമാണ്. അത് കയറി കാര്‍ നേരെ പോയി ഇടിച്ചത് വലത് വശത്ത് വഴിയരികിലുണ്ടായിരുന്ന മരത്തില്‍. തൊട്ടുപിന്നില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറും ചില യാത്രക്കാരും കണ്‍മുന്നില്‍ ഈ ദുരന്തം കണ്ടു.

അവിടെ വെച്ചുതന്നെ കുഞ്ഞുമരിച്ചു. 18 വര്‍ഷം കാത്തിരുന്ന കിട്ടിയ കുഞ്ഞായിരുന്നു തേജസ്വിനി ബാല. ഗുരുതര പരുക്കുകളോടെ ബാലുവിനെയും ലക്ഷ്മിയേയും അര്‍ജുനേയും ആശുപത്രിയിലെത്തിച്ചു. എട്ട് ദിവസത്തോളം ജീവന് വേണ്ടി പോരാടിയ ശേഷം, ഒക്ടോബര്‍ 2ന് ബാലുവും പോയി. അപകടം ഏല്‍പ്പിച്ച മുറിപ്പാടുകളുടെ വേദനയും ഭര്‍ത്താവും കുഞ്ഞും നഷ്ടമായ തീരാവേദനയുമായി ലക്ഷ്മി ഇന്നും ജീവിക്കുന്നു.

ആദ്യം ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഇപ്പോള്‍ സി.ബി.ഐയും അന്വേഷിച്ചു. എല്ലാവരും കണ്ടെത്തിയത് ഒരു കാര്യമാണ്. അപകടത്തില്‍ ദുരൂഹതയില്ല, അമിത വേഗം മൂലമുണ്ടായ അപകടമാണ്. അപകടത്തില്‍പെടുമ്പോള്‍ വാഹനം 110 കിലോമീറ്ററിന് മുകളില്‍ വേഗത്തിലായിരുന്നു.

പക്ഷെ അപകട സമയത്ത് വണ്ടിയോടിച്ച അര്‍ജുന്‍ രണ്ട് കേസുകളില്‍ പ്രതിയാണെന്ന വിവരം, ബാലഭാസ്കറിന്‍റെ സുഹൃത്തുക്കള്‍ പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത്, ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളിലെ സംശയം, ബാലഭാസ്കറിനെ അപകടപ്പെടുത്തുന്നത് കണ്ടു എന്ന് പറഞ്ഞുവന്ന കലാഭവന്‍ സോബിയുടെ ആരോപണം... ഇങ്ങനെ ഒട്ടേറെ കാരണങ്ങള്‍ ദുരൂഹത കൂട്ടി. പക്ഷെ ഇവയും അപകടവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പക്ഷെ ബാലുവിന്‍റെ പിതാവും മാതാവും ചില ബന്ധുക്കളും ഇത് അംഗീകരിക്കാന്‍ തയാറല്ല. അതുകൊണ്ട് തന്നെ എട്ട് വര്‍ഷത്തിന് ശേഷവും അടയ്ക്കാത്ത കേസ് ഡയറിയായി ബാലുവിന്‍റെ മരണം തുടരുന്നു...

ENGLISH SUMMARY:

The tragic car crash at Pallippuram on the National Highway that claimed the lives of famed violinist Balabhaskar and his young daughter Tejaswini Bala remains a haunting memory even eight years later. Returning from a temple visit in Thrissur late at night, their speeding car rammed into a roadside tree in the early hours of September 25, killing the child instantly and causing severe injuries that led to Balabhaskar's demise days later. Although multiple investigating agencies including the Police, Crime Branch, and CBI concluded that the crash was solely caused by overspeeding, persistent doubts regarding the driver and financial ties have kept suspicions alive. His grieving parents refuse to accept the accident theories, leaving the investigation active and the case diary open after eight long years.