(കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത നാനാ പടേക്കര്‍. ആശുപത്രിയില്‍ സൈനികരെ പരിചരിച്ച ദിനങ്ങള്‍. സിനിമയ്ക്കപ്പുറമുള്ള നാനാ പടേക്കര്‍)
हथेली पे रेखाएँ हैं सब अधूरी
किसने लिखी हैं नहीं जानना है
सुलझाने उनको न आएगा कोई
समझना हैं उनको, ये अपना करम है
अपने करम से दिखाना है सबको
खुद का पनपना, उभरना है खुदको
(കൈവെള്ളയിലെ രേഖകളെല്ലാം അപൂർണ്ണമാണ്. ആരാണ് ഇവ എഴുതിയതെന്ന് അറിയേണ്ടതില്ല. അവയെ മാറ്റിയെഴുതാനുമാവില്ല. പക്ഷേ, അവയെ മനസിലാക്കുകയാണ് നമ്മുടെ കര്‍മം. സ്വയം വളരാനും ഉയരാനും ശ്രമിക്കണം. ഇരുട്ടില്‍ നിന്നൊരു കുഞ്ഞുതീപ്പൊരിക്ക് ഒരു വഴി തെളിയിക്കാനാവും)
മേജര്‍ വി.എസ്.ചവാന്‍ ആയി അഭിനയിച്ച സിനിമയിലെ ഈ ഗാനത്തിന്‍റെ വരികള്‍ പോലെയാണ് നാനാ പടേക്കറുടെ ജീവിതവും. കര്‍മം കൊണ്ട് തെളിയിച്ച വഴികള്‍. സ്വയം തെളിയണമെന്നും സ്വയം ഉയരണമെന്നും സ്വന്തം വെളിച്ചമായി സ്വന്തം വഴിയേ നടക്കണമെന്നും എന്നും നിശ്ചയിച്ചുറച്ച പ്രതിഭ. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വ്യത്യസ്ത വേഷങ്ങള്‍ അണിഞ്ഞു, വെല്ലുവിളികളെ നേരിട്ടു.
അല്ലെങ്കില്‍ അഭിനയത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ആരെങ്കിലും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുചേരാനായി മല കയറുമോ? 1999ല്‍ യുദ്ധം രൂക്ഷമായിരിക്കേയാണ് നേരിട്ട് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിളിച്ച് നാനാ യുദ്ധമുഖത്ത് പോരാളിയാകാന്‍ അനുമതി തേടിയത്.
പ്രഹര്‍: ദ് ഫൈനല്‍ അറ്റാക് (1991) സിനിമയില്‍ മേജര്‍ വി.എസ്.ചൗഹാനായി അഭിനയിക്കാന്‍ നാനാ സേനയ്ക്കൊപ്പം കഠിന പരിശീലനം നടത്തിയിരുന്നത് ഈ അപേക്ഷയില്‍ അധികയോഗ്യതയായിരുന്നു. ഒന്നും രണ്ടുമല്ല – മൂന്നുവര്‍ഷം. മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിക്ക് ഒപ്പമായിരുന്നു പരിശീലനം. കാര്‍ഗില്‍ പോരാട്ടത്തില്‍ പങ്കുചേരണമെന്ന ആവശ്യവുമായി അദ്ദേഹം മുതിര്‍ന്ന ആര്‍മി ഓഫിസര്‍മാരെ വിളിച്ചു. എല്ലാവരും കയ്യൊഴിഞ്ഞു. പ്രതിരോധമന്ത്രിയെ സമീപിക്കാന്‍ ചിലര്‍ ഉപദേശിച്ചു.
പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും തടസങ്ങള്‍ എണ്ണിപ്പറഞ്ഞു. മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ തന്‍റെ പരിശീലനം അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്മാറില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു.
ഒടുവില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ചോദിച്ചു – ‘എപ്പോഴാണ് പോകാനാവുക’ . നാനാ മറുപടി പറഞ്ഞു – ‘ഇപ്പോള്‍ത്തന്നെ’
1999 ഓഗസ്റ്റിൽ കാർഗിൽ സംഘർഷ മേഖലയിലേക്ക് നാനാ തിരിച്ചു. നിയന്ത്രണരേഖയില്‍ സൈനികര്‍ക്കൊപ്പം കഴിഞ്ഞു. രണ്ടുമാസത്തോളം. ദ്രാസ്, ലേയ്, കുപ്‌വാര, ബാരാമുള്ള, സോപോർ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചു.
ദ്രുത പ്രതികരണ സേനയുടെ ഭാഗമായും ശ്രീനഗറിലെ മിലിട്ടറി ആശുപത്രിയിലും നാനാ സേവനം ചെയ്തു. രക്തസാക്ഷികളായ സൈനികരുടെ മൃതദേഹങ്ങളാണ് അവിടെ എത്തിയിരുന്നത്. ഭൗതികാവശിഷ്ടങ്ങള്‍ ഉറ്റവര്‍ക്ക് അവസാനം കാണാനായി കഴിയുന്നത്ര വൃത്തിയാക്കി സജ്ജമാക്കി. ഈ ജോലി തന്നെ ഏറെ വേദനിപ്പിച്ചതായി നാനാ പിന്നീട് പറഞ്ഞിട്ടുണ്ട്.
"ഒരു ദിവസം വാർഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരാൾ 'ഹേയ് നാനാ' എന്ന് വിളിച്ചു. എനിക്ക് മുന്‍പേ അറിയാവുന്ന ഒരാള്‍. പനിച്ച് പൊള്ളി ഒരു വലിയ പുതപ്പിനടിയില്‍ കിടക്കുകയാണ്. ഇനിയും പോരാടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ കാലുകള്‍ രണ്ടും നഷ്ടപ്പെട്ടു.’
"ശ്രീനഗറിൽ എത്തുമ്പോൾ 76 കിലോ ആയിരുന്നു ഭാരം. തിരിച്ചുവരുമ്പോഴേക്കും അത് 56 കിലോയായി കുറഞ്ഞു," അദ്ദേഹം പിന്നീട് കോര്‍ ബനേഗാ ക്രോര്‍പതിയില്‍ അമിതാബ് ബച്ചനോടു പറഞ്ഞു.
പടേക്കര്‍ക്ക് ഇതൊന്നും ഒരു വീരകൃത്യമായിരുന്നില്ല, മറിച്ച് രാജ്യത്തെ സേവിക്കാനുള്ള ലളിതമായ വഴിയായിരുന്നു.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി കാപ്റ്റനും ഓണററി ലെഫ്റ്റനന്‍റ് കേണലുമായിരുന്നു പടേക്കര്‍. നിര്‍മല ഗജാനന്‍, നാം ഫൗണ്ടേഷനുകളിലൂടെ അദ്ദേഹം യുദ്ധത്തില്‍ ദുരിതമനുഭവിച്ച സൈനികര്‍ക്ക് മാത്രമല്ല അവരുടെ കുടുംബങ്ങളും അതിര്‍ത്തികളിലെ നാട്ടുകാര്‍ക്കും സഹായം എത്തിച്ചു.
പ്രഹറിലെ ‘ഹമാരി സി’ ഗാനം ഇങ്ങനെയാണ് അവസാനിക്കുന്നത് – ഒപ്പം ആരുമില്ലെങ്കിലും തനിച്ച് മുന്നേറുക, സ്വയം ജ്വലിച്ച് ഇരുളിനെ നീക്കുക. ഒരു ആകാശം മുഴുവന്‍ നമ്മുടെ കൈയ്ക്കുള്ളിലുണ്ടെന്ന് അറിയുക – ആ മുഷ്ഠി തുറക്കുമ്പോള്‍ ഒരു നക്ഷത്രം തിളങ്ങുമെന്നും അറിയുക.സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ആ താരമായിരുന്നു നാനാ പടേക്കര്‍.