ഇന്ത്യയിൽ മുമ്പുണ്ടായിരുന്നതുപോലുള്ള സമാധാനം ഇപ്പോൾ അനുഭവപ്പെടുന്നില്ലെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശേഖർ സുമൻ അവതരിപ്പിക്കുന്ന ശേഖർ ടുനൈറ്റ് എന്ന ടോക്ക് ഷോയിൽ സംസാരിക്കുവെയാണ് സഞ്ജയ് ദത്ത് തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയിലെ ജനങ്ങൾ വളരെ സ്നേഹമുള്ളവരാണ്. ഇവിടെ സമാധാനമാണ് വേണ്ടത്. എന്നാൽ ഇപ്പോൾ രാജ്യത്ത് പഴയതുപോലെ ഒരു സമാധാനം അനുഭവപ്പെടുന്നില്ല. വലിയ മനസുള്ളവരും അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കുന്നവരുമാണ് നമ്മൾ. എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. ആ പഴയ നല്ല ദിവസങ്ങൾ വേഗത്തിൽ തിരിച്ചെത്താൻ ഞാൻ ശിവഭഗവാനോട് പ്രാർത്ഥിക്കുന്നു, '- സഞ്ജയ് ദത്ത് പറഞ്ഞു.
അഞ്ചു മിനിറ്റത്തേക്ക് പ്രധാനമന്ത്രി ആയാൽ രാജ്യത്തെ ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് തന്റെ സൂപ്പർഹിറ്റ് കഥാപാത്രമായ മുന്നാ ഭായിയുടെ ശൈലിയിലാണ് സഞ്ജയ് ദത്ത് മറുപടി നൽകിയത്. 'ഇത്രയും വലിയൊരു രാജ്യത്തിന്റെയും ഇത്രയും ജനങ്ങളുടെയും ഉത്തരവാദിത്തം ഇനി എന്റെ ചുമലിലാണ്. പക്ഷെ നിങ്ങളാരും ടെൻഷൻ അടിക്കേണ്ട, ഈ സന്തോഷം ആഘോഷിക്കാൻ ഞാൻ വിദേശത്തേക്ക് പോകാൻ പോകുന്നില്ല. നിങ്ങളുടെ ഇടയിൽ, ഇവിടെ തന്നെ ഉണ്ടാകും. അല്ലെങ്കില്‍ പ്രധാനമന്ത്രിയും ജനങ്ങളും തമ്മിൽ എങ്ങനെ ബന്ധമുണ്ടാകും?'- സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.
നിലവിൽ യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസയുള്ള സഞ്ജയ് ദത്തിന്റെ കുടുംബം ദുബായിലാണ് താമസം. ജോലി ആവശ്യങ്ങൾക്കായി മുംബൈയ്ക്കും ദുബായിക്കുമിടയിൽ യാത്ര ചെയ്യുകയാണ് താരം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു സഞ്ജയ് ദത്തിന്‍റെ പ്രസ്ഥാവനയെന്നും ആക്ഷേപമുയരുന്നുണ്ട്.