മലയാള സിനിമാചരിത്രത്തിലെ സകലമാന ബോക്സ് ഓഫിസ് റെക്കോര്‍ഡുകളും തകര്‍ത്ത ചിത്രമാണ് നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബെത്ലഹേം കുടുംബ യൂണിറ്റ്. തൊട്ടതെല്ലാം പൊന്നാക്കിയ ഭാവനാ സ്റ്റുഡിയോസാണ് ബെത്ലഹേം കുടുംബ യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്. 330 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്.
ഇപ്പോള്‍ ബെത്ലഹേം കുടുംബ യൂണിറ്റിന്‍റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാളായ ഫഹദ് ഫാസില്‍. ചിത്രത്തിന്റെ കളക്ഷനുമായി ബന്ധപ്പെട്ട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് 300 കോടി എന്തുചെയ്യുമെന്നത് എന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. എന്നാല്‍ 300 കോടിയുടെ പകുതിപോലും തനിക്ക് മാത്രമായി ലഭിക്കില്ലെന്നും കളക്ഷനെ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവുമായി കൂട്ടിക്കുഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
നിര്‍മാതാക്കളായ ആര്‍ക്കും ഈ തുക മുഴുവന്‍ ലഭിക്കില്ലെന്നും ഫഹദ് വ്യക്തമാക്കി. ബെത്ലഹേം ഒരു വിജയമായി എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനായ ഗിരീഷ് എ.ഡിയുടെയും നിര്‍മാതക്കളായ ദിലീഷ് പോത്തന്‍റെയും ശ്യാമിന്‍റെയുമെല്ലാം കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ചിത്രത്തിന്‍റെ വിജയത്തെ കാണുന്നതെന്നും തന്‍റെ മാത്രം ജയമല്ലെന്നും ഫഹദ് ഫാസില്‍ പറയുന്നു.