TAGS

സംവിധായകനെന്ന നിലയില്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി തുറന്നുപറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസ്. പുതിയ സംവിധായകര്‍ക്ക് കോടികള്‍ ലഭിക്കുമ്പോഴും തന്നെപ്പോലെയുള്ള പഴയ സംവിധായകരെ നിര്‍മാതാക്കള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ലാല്‍ ജോസ് പറഞ്ഞു. ഒടുവില്‍ പുറത്തുവന്ന തന്റെ ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതുകൊണ്ടാകാം ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ മുന്‍ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതും പ്രശ്നമാണ്. പഴയ ചിത്രങ്ങള്‍ തനിക്കുതന്നെ ബാധ്യതയാകുന്നുവെന്നും സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് പറഞ്ഞു.

"നാലു വര്‍ഷമായി ഒരു സിനിമയുടെ സ്‌ക്രിപ്റ്റിങ് നടക്കുന്നുണ്ടായിരുന്നു. 'പൊനം' എന്നൊരു നോവല്‍ സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് പ്രധാന നടന്മാരെ ആവശ്യമായിരുന്നു. മുപ്പത് കോടി രൂപയോളം ചെലവ് വരുന്ന സിനിമയാണ്. പുതിയ സംവിധായകര്‍ക്ക് അമ്പതും നൂറും കോടിയൊക്കെ കിട്ടുന്നുണ്ട്. പക്ഷേ, തൊട്ടുമുമ്പത്തെ തലമുറയിലുള്ള സംവിധായകരെ നിര്‍മാതാക്കള്‍ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. അതിന്റെയൊരു പ്രശ്നമുണ്ട്. അങ്ങനെ അത് അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഈ ഓഗസ്റ്റില്‍ തുടങ്ങാനിരുന്നതായിരുന്നു.

എല്ലാ കാലത്തും ഞാന്‍ ചെയ്തിട്ടുള്ള സിനിമകളൊക്കെ പാത്ത്‌ബ്രേക്കിങ് സിനിമകളായിരുന്നു. ഒഴുക്കിനൊപ്പം പോയിട്ടുള്ള ഒരാളല്ലായിരുന്നു ഞാന്‍. എന്റെ ഒരു വിജയചിത്രത്തെയും അതുപോലെ പിന്തുടര്‍ന്നിട്ടില്ല. വ്യത്യസ്തമായ വഴികള്‍ തേടുന്ന ആളുകള്‍ക്ക് വഴി ചിലപ്പോള്‍ മുടങ്ങിപ്പോകും. ചിലപ്പോള്‍ കുഴിയില്‍ വീഴും. അത്തരം കാര്യങ്ങള്‍ പിന്നീട് സംഭവിച്ചു. പിന്നെ ഞാന്‍ അവസാനം ചെയ്ത സിനിമകള്‍ എന്ന് പറഞ്ഞാല്‍ 'തട്ടിന്‍പുറത്ത് അച്യുതന്‍', 'വെളിപാടിന്റെ പുസ്തകം', 'സോളമന്റെ തേനീച്ചകള്‍', 'മ്യാവു' എന്നിവയാണ്. ഈ സിനിമകളൊന്നും വേണ്ടത്ര രീതിയില്‍ കളക്ഷന്‍ നേടിയില്ല.

'തട്ടിന്‍പുറത്ത് അച്യുതന്‍' എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഭംഗിയുണ്ടായിരുന്നു. പക്ഷേ, അത് തിരക്കഥയാക്കി ഒരു സിനിമയിലേക്ക് മാറ്റിയപ്പോള്‍ ആ കൗതുകം നഷ്ടപ്പെട്ടു എന്നാണ് വിചാരിക്കുന്നത്. അന്നത്തെ കാലത്ത് ആളുകള്‍ക്ക് നമ്മളില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. നമ്മള്‍ ഒരു കഥ കേട്ട് വിശ്വസിച്ചുകഴിഞ്ഞാല്‍ നിര്‍മാതാവിനോട് സംസാരിച്ചാല്‍ അയാള്‍ അത് സമ്മതിക്കും. അഭിനേതാക്കളോട് അവരുടെ കഥാപാത്രം മാത്രം പറഞ്ഞാല്‍ മതി, അവര്‍ വരും.

തിരക്കഥയെഴുതി ഒരു ഘട്ടം വരുമ്പോഴേക്കും ചിത്രീകരണം ആരംഭിക്കേണ്ട സമയമായി. പിന്നെ ചിത്രീകരണത്തിന്റെ തിരക്കുകളിലേക്ക്... നമ്മുടെ മനസ്സിലൊരു സിനിമയുണ്ട്, അതിലേക്കാണ് പോകുന്നത് എന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. പക്ഷേ, അത് അങ്ങനെയല്ല സംഭവിച്ചത്. 'വെളിപാടിന്റെ പുസ്തക'ത്തിനും ഇതുതന്നെ സംഭവിച്ചു.

'വെളിപാടിന്റെ പുസ്തക'ത്തിന്റെ പ്രമേയം കേട്ടാല്‍ ഭയങ്കര അന്താരാഷ്ട്ര നിലവാരമുള്ള തീമാണ്. പക്ഷേ, ചിത്രീകരിച്ച് വന്നപ്പോള്‍ ആളുകള്‍ക്ക് അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അതിലെ 'ജിമിക്കിക്കമ്മല്‍' പാട്ട് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് വേറൊരു പ്രതീക്ഷയായി. കലാലയത്തിലെ തമാശപ്പാട്ട് വളരെ സാധാരണമായി ചെയ്ത ഒന്നാണ്. പക്ഷേ, ചിന്തിക്കാത്ത രീതിയില്‍ 80 മില്യണ്‍ കാഴ്ചക്കാരുണ്ടായി. ആളുകള്‍ മുന്‍വിധി ഉണ്ടാക്കി.

ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, എന്റെ ബാധ്യത എന്റെ തന്നെ മുന്‍കാല സിനിമകളാണ് എന്നതാണ്. 'മ്യാവു' നല്ല ഉള്ളടക്കമുള്ള ചിത്രമായിരുന്നു. നല്ല വിഷയമായിരുന്നു, നല്ല സിനിമയായിരുന്നു. അത് ഒടിടിയില്‍ വരുമ്പോള്‍ ആളുകള്‍ പറയുന്നുണ്ട്, നല്ല സിനിമയാണെന്ന്. ആരും അത് തിയേറ്ററില്‍ പോയി കണ്ടില്ല. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ എല്ലാം കുഴപ്പമാണ്. അതില്‍ അഭിനയിച്ച ആളുകള്‍, അതിന്റെ സംവിധായകന്‍, എഴുത്തുകാരന്‍ അടക്കം എല്ലാവരും കുഴപ്പക്കാരാണ്. ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്.

വാണിജ്യപരമായി തിയേറ്ററുകളില്‍ പരാജയപ്പെട്ട എന്റെ സിനിമകളെല്ലാം ഒടിടിയിലും സാറ്റലൈറ്റ് ചാനലുകളിലും വരുമ്പോള്‍ വീണ്ടും കാണാന്‍ തോന്നുന്ന റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളാണ്. ആളുകള്‍ അവിടെ അത് കാണുന്നുണ്ട്, ആസ്വദിക്കുന്നുമുണ്ട്. 'രസികന്‍' അന്ന് ഉദ്ദേശിച്ച രീതിയില്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഇപ്പോഴും എനിക്ക് ആളുകളുടെ സന്ദേശങ്ങള്‍ വരാറുണ്ട്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്, നല്ല രസമുള്ള വിനോദചിത്രമാണ് എന്നൊക്കെ പറഞ്ഞ്. ഭൂരിപക്ഷത്തിനും അന്ന് ആ സിനിമ തിയേറ്ററില്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല, അത്രയേയുള്ളൂ," ലാല്‍ ജോസ് പറഞ്ഞു.

ENGLISH SUMMARY:

Renowned Malayalam filmmaker Lal Jose opened up about the current challenges faced by veteran directors in the film industry during an interview with Safari Channel. He revealed that while newcomer directors easily secure budgets worth tens or hundreds of crores, producers hesitate to trust senior filmmakers from the previous generation. The director cited the commercial underperformance of his recent films, including Meow and Velipadinte Pusthakam, as a key reason for this shift in industry confidence. Furthermore, Lal Jose noted that his own iconic past hits have become a benchmark burden, causing audiences to unfairly compare his current works instead of enjoying them independently.