ഭാരതിയുടെ സംവിധാനത്തില്‍ 1998-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മറുമലർച്ചി. മമ്മൂട്ടി, ദേവയാനി, രഞ്ജിത്ത്, മൻസൂർ അലി ഖാൻ, മനോരമ, കലാഭവൻ മണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ കലാഭാവന്‍ മണി അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നത് തമിഴ് നടന്‍ വയ്യാപുരിയെ ആയിരുന്നു. എന്നാല്‍ മമ്മൂട്ടി തനിക്ക് പകരം കലാഭവന്‍ മണിയെ ശുപാര്‍ശ ചെയ്യുകയായിരുന്നു എന്ന് വയ്യാപുരി പറഞ്ഞു. അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പക്വത തനിക്കില്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു.
'മമ്മൂട്ടി സാർ എനിക്ക് പകരം കലാഭവൻ മണിയെ റെക്കമന്‍ഡ് ചെയ്തു, 'മറുമലർച്ചി' എന്ന സിനിമയ്ക്ക് വേണ്ടി. ആ സിനിമയിൽ നായകനൊപ്പമുള്ള മുഴുനീള കഥാപാത്രമുണ്ടായിരുന്നു. ആ കഥാപാത്രത്തെ കുറിച്ച് ചർച്ച ചെയ്തപ്പോൾ, ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടർമാരുമെല്ലാം 'ഇത് വയ്യാപുരി ചെയ്താൽ നന്നായിരിക്കുമല്ലോ' എന്ന് സംസാരിച്ചിരുന്നു. അത് ഗംഭീരമായ ഒരു കഥാപാത്രമായിരുന്നു. അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പക്വത എനിക്കില്ലായിരുന്നു. അത് എനിക്ക് തന്നെ നന്നായി അറിയാമായിരുന്നു. അത്രയും വലിയൊരു കഥാപാത്രമായിരുന്നു.
പിന്നെ അവർ കലാഭവൻ മണിയുടെ ചില ക്ലിപ്പുകൾ കണ്ടു, 'ഇദ്ദേഹത്തെ തമിഴിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാമല്ലോ, നന്നായിരിക്കുമല്ലോ' എന്ന് അവര്‍ പറഞ്ഞു. അങ്ങനെ എനിക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരുന്ന ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടി സാർ കലാഭവൻ മണിയെ റെക്കമൻഡ് ചെയ്തു. ഷൂട്ടിങ് സ്പോട്ടിൽ എനിക്ക് അദ്ദേഹവുമായി വലിയ പരിചയമൊന്നും ഇല്ലാത്തതിനാൽ അധികം സംസാരിച്ചിരുന്നില്ല. എങ്കിലും എനിക്കും മറ്റൊരു കഥാപാത്രം ചെയ്യാനുണ്ടായിരുന്നു. ആ കഥയിൽ കലാപം ഉണ്ടാക്കുന്നതുതന്നെ ഞാനാണ്. എന്‍റെ ഡയലോഗ് അന്ന് ഭയങ്കര ഹിറ്റായി മാറിയിരുന്നു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് സമീറ തിയേറ്ററിൽ ഡബ്ബിങ് നടക്കുകയായിരുന്നു. മമ്മൂട്ടി സാർ അദ്ദേഹത്തിന്റെ ഭാഗങ്ങൾ ഡബ്ബ് ചെയ്യുകയായിരുന്നു. എന്റെ സീൻ കണ്ടപ്പോൾ അദ്ദേഹം ഡയറക്ടറോട് ചോദിച്ചു, 'ആരാണിത്?' എന്ന്. ഉടൻ തന്നെ അവർ എന്നെ ബന്ധപ്പെട്ടു. 'മമ്മൂട്ടി സാർ ഡബ്ബ് ചെയ്യുകയാണ്, അദ്ദേഹത്തിന് നിങ്ങളെ കാണണം' എന്ന്. കേട്ട ഉടൻ തന്നെ ഞാൻ അങ്ങോട്ട് ഓടിയെത്തി. ഡബ്ബിങ് കഴിഞ്ഞ് പുറത്തുവന്നപ്പോൾ അദ്ദേഹം ചോദിച്ചു, 'നിന്റെ പേരെന്താണ്?', വയ്യാപുരി? എന്ന് ഞാന്‍ പറഞ്ഞു. 'നീ സൂപ്പർ ആയി ചെയ്തിട്ടുണ്ട്. ആ സീൻ വളരെ നന്നായിരുന്നു. നീ വലിയൊരാളായി മാറും,' എന്ന് പറഞ്ഞ് എന്റെ തോളിൽ തട്ടിയിട്ടാണ് അദ്ദേഹം പോയത്,' വയ്യാപുരി പറഞ്ഞു.