തമിഴ് നടൻ ആട്ടക്കത്തി ദിനേശുമായുള്ള പ്രണയം പരസ്യമാക്കി അവതാരക ഏഴിലരസി. ഇൻസ്റ്റഗ്രാമിൽ ദിനേശിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരം പ്രണയം വെളിപ്പെടുത്തിയത്. ദിനേശിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഏഴിലരസിയുടെ പ്രണയസന്ദേശം.
'എന്‍റെ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,എപ്പോഴും നിനക്ക് ഏറ്റവും നല്ലതെല്ലാം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിലെ എത്രയൊക്കെ റോളർ കോസ്റ്റർ യാത്രകളിലൂടെ നമ്മൾ കടന്നുപോയാലും, ഓരോ തവണയും ഞാൻ നിന്നെ തന്നെയായിരിക്കും തിരഞ്ഞെടുക്കുക.
FYI – ലേഡീസ്, ദയവായി സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രം ആരാധിക്കുക, നന്ദി...പിന്നെ കർശനമായി NO...'എന്നാണ് ഏഴിലരസി കുറിച്ചിരിക്കുന്നത്.
ദിനേശ് ഏറെക്കാലമായി താൻ പ്രണയത്തിലാണെന്ന് വിവിധ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രണയിനി ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് ദിനേശിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഏഴിലരസി തന്നെ ബന്ധം പരസ്യമാക്കിയിരിക്കുന്നത്.
അവതാരക എന്ന നിലയിൽ ശ്രദ്ധേയയായ ഏഴിലരസി എൻജിനീയറിങ് ബിരുദധാരിയാണ്. ദിനേശുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘അട്ടക്കത്തി’യിലൂടെയാണ് ദിനേശ് നായകനായി ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ചിത്രത്തിന്‍റെ പേരും സ്വന്തം പേരിനൊപ്പം ചേര്‍ത്തു. അതിനുശേഷം ‘അട്ടക്കത്തി ദിനേശ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘കുക്കൂ, വിചാരണൈ, ഒരു നാൾ കൂത്ത്, കബാലി, ലബ്ബർ പന്ത്’ തുടങ്ങിയ സിനിമകളില്‍ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.
സംവിധായകൻ പാ രഞ്ജിത്തിനൊപ്പം വീണ്ടും പ്രവർത്തിക്കുന്ന ‘വെട്ടുവം’ ഉൾപ്പെടെ പുതിയ സിനിമകളിലാണ് ദിനേശ് ഇപ്പോൾ അഭിനയിക്കുന്നത്.