നീലയും വെള്ളയും കലര്‍ന്ന ഒരു ബീഡിക്കവര്‍. ബീഡിയുടെ പേര് ബാബു ബംഗാളി ബിരി. ബംഗാളില്‍ വില്‍പ്പന നടത്തുന്ന ബീഡിയുടെ കവറിലെ ചിത്രം കണ്ടാല്‍ ഇത് ബീഡിയുടെ നിര്‍മാതാവായ ബാബു ആണെന്ന് ബംഗാള്‍ സ്വദേശികള്‍ കരുതിയിരിക്കാം. എന്നാല്‍ ഈ ബീഡി ഒരു മലയാളി ആണ് വാങ്ങുന്നതെങ്കില്‍ ചിത്രത്തിലെ ആള്‍ ബാബുവല്ലെന്ന് ഉടനടി മനസിലാക്കും. കാരണം ബാബുവായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മലയാള നടന്‍ സിദ്ദീഖിന്‍റെ ഫോട്ടോയാണ്.
അഭിനേതാക്കളുടെ ചിത്രങ്ങള്‍ പരസ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. വലിയ സ്ഥാപനങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാരായി അഭിനേതാക്കളെയും സെലിബ്രിറ്റികളെയും തിരഞ്ഞെടുക്കുമ്പോള്‍ ചെറുകിട സ്ഥാപനങ്ങള്‍ അനുവാദമില്ലാതെ ഇവരുടെ ചിത്രങ്ങള്‍ വച്ച് പരസ്യം നടത്താറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കും നടന്‍ ആരാണെന്ന് അറിയും.
എന്നാല്‍ ബംഗാളില്‍ വില്‍പ്പന നടത്തുന്ന ബാബു ബംഗാളി ബീഡി കമ്പനിക്കാര്‍ അറിഞ്ഞുകാണില്ല തങ്ങള്‍ ഫോട്ടോക്കായി തിരഞ്ഞെടുത്ത ആള്‍ ഒരു നടനാണെന്ന്. മുര്‍ഷിദാബാദ് ജില്ലയിലെ ചചന്ദയില്‍ നസീബ് ബീഡി ഫാക്റ്ററിയില്‍ നിന്നാണ് ബാബു ബീഡി ഉല്‍പാദിപ്പിക്കുന്നത്.
തന്‍റെ ചിത്രം ഉപയോഗിക്കുന്നതില്‍ നടന്‍ സിദ്ദീഖിന്‍റെ പ്രതികരണം എന്തായിരിക്കും എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.