asees-nedumangad

TOPICS COVERED

കഴിവുണ്ടെന്ന് പറഞ്ഞാലും സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യപരീക്ഷണം കൂടിയാണെന്ന് പലരും പറയാറുണ്ട്. സിനിമയില്‍ കയറിക്കൂടിയാലും നിലനില്‍ക്കാനുള്ള പ്രയാസത്തെ പറ്റി പല താരങ്ങളും മുന്‍പ് പറഞ്ഞിട്ടുണ്ട്. സിനിമയിലെടുത്താല്‍ പോലും അവസരം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥകളുമുണ്ടാവാറുണ്ട്. അത്തരമൊരു അനുഭവം തുറന്നുപറയുകയാണ് നടന്‍ അസീസ് നെടുമങ്ങാട്. മേക്കപ്പിട്ട് അഭിനയിച്ച് തുടങ്ങിയപ്പോള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വിളിക്കേണ്ടിവരുമെന്ന് സംവിധായകന്‍ പറഞ്ഞുവെന്ന് അസീസ് പറഞ്ഞു. അതുകേട്ട് താന്‍ തകര്‍ന്നുപോയെന്നും താന്‍ തന്നെ ആ പ്രതിസന്ധിയെ മറികടന്നെന്നും ദി ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറഞ്ഞു. 

'സിനിമയുടെ ലൊക്കേഷനിൽ ചെന്ന്, മേക്കപ്പൊക്കെയിട്ട് ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചു തുടങ്ങുകയായിരുന്നു. എന്നാൽ സീൻ അഭിനയിച്ചു കഴിഞ്ഞ ഉടൻ ഡയറക്ടർ വന്ന് പറഞ്ഞു: "എന്റെ കഥാപാത്രം ഇങ്ങനെയല്ല അസീസ്, ഐ ആം സോറി. എനിക്ക് ഇതിനെക്കുറിച്ച് മാറ്റി ചിന്തിക്കേണ്ടി വരും." കേട്ടപ്പോൾ തകർന്നുപോയി. സെറ്റിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തായ നായകനടനും മറ്റുള്ളവരുമെല്ലാം വളരെ വിഷമത്തോടെയാണ് എന്നെ നോക്കിനിന്നത്. പകരം വേറൊരു നടൻ വന്നാൽ അദ്ദേഹം ചിലപ്പോൾ ആ കഥാപാത്രം നന്നായി ചെയ്തേക്കാം. പക്ഷേ, ഈ ഫീൽഡിലേക്ക് വന്നത് എവിടെയെങ്കിലും എത്തിപ്പെടാനാണല്ലോ എന്ന ചിന്ത ഉള്ളിലുണ്ടായിരുന്നു.   

ഞാൻ വീണ്ടും സംവിധായകന്റെ അടുക്കൽ ചെന്ന് അഭ്യർത്ഥിച്ചു: "സർ, വണ്‍ മോര്‍. ഇനി ഞാൻ ചെയ്തത് ശരിയായില്ലെങ്കിൽ എന്നെ ഈ സിനിമയിൽ നിന്ന് പറഞ്ഞുവിട്ടോളൂ, എനിക്ക് യാതൊരു പരാതിയുമില്ല." ഉള്ളിലുണ്ടായിരുന്ന ആ ഒരു തീയിൽ ഞാൻ ആ ടേക്ക് വീണ്ടും ചെയ്തു. കൃത്യമായി എന്താണ് ആ ടേക്കിൽ മാറ്റിയതെന്ന് എനിക്കറിയില്ലെങ്കിലും, ഷോട്ട് കഴിഞ്ഞപ്പോള്‍ സംവിധായകൻ എന്നെ വന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: "എനിക്ക് ഇതാണ് വേണ്ടത്!,' അസീസ് പറഞ്ഞു. 

ENGLISH SUMMARY:

Actor Azees Nedumangad shared a painful experience from a movie set where he was almost replaced after his initial shot failed to satisfy the director. The director frankly informed him after the scene that he might have to reconsider casting another actor for the role, leaving Azees completely devastated. Refusing to give up on his career aspirations, Azees pleaded for just one more attempt and promised to leave the set without complaints if it failed again. Driven by inner determination, he delivered the second take, after which the director enthusiastically embraced him and confirmed that it was the exact performance he was looking for.