സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ. ഹ്രസ്വ ചലച്ചിത്രമേള തുടങ്ങുന്ന ദിവസംതന്നെ നിയമനം. നടി പ്രിയങ്ക നായരാണ് വൈസ് ചെയർപഴ്സൻ. പദവി വെല്ലുവിളിയല്ലെന്നും മേളകള്‍ നടത്തിയുള്ള പരിചയം മുതല്‍ക്കൂട്ടാകുമെന്നും രവീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആഗ്രഹിച്ച പദവിയാണെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര ക്യൂറേറ്റർ, ഫെസ്റ്റിവൽ ഡയറക്ടർ, സിനിമാ വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ രവീന്ദ്രന് വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്. തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രൻ ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനം പൂർത്തിയാക്കി. 1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഒരു തലൈ രാഗ’ത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.
നടൻ സലിം ഹസ്സന്‍, സംവിധായകൻ ജോഫിന്‍.ടി.ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി.ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ, സക്കരിയ, ആർ.എസ്.പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സിലും പുനഃസംഘടിപ്പിച്ചു.