വിവാദത്തിലായി നടി കിരൺ റാത്തോഡിന്‍റെ 'വിഐപി മെമ്പർഷിപ്പ്'. 'പ്രൈവറ്റ് വേൾഡ്' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കാണ് ആരാധകർക്കായി 99,999 രൂപയുടെ 'വിഐപി മെമ്പർഷിപ്പ്' നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അവതരിപ്പിച്ചത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നവർക്ക് നടിയുമായി പരിധിയില്ലാത്ത ചാറ്റുകൾ, പ്രൈവറ്റ് വിഡിയോ കോളുകൾ, എക്‌സ്‌ക്ലൂസീവ് കണ്ടന്‍റുകൾ, പ്രൈവറ്റ് ഗ്രൂപ്പുകളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കും.
നടിയുടെ വിഐപി മെമ്പര്‍ഷിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരു ലക്ഷത്തോളം രൂപ ഈടാക്കുന്ന ഇത്തരം അനിയന്ത്രിതമായ സബ്‌സ്‌ക്രിപ്‌ഷനെതിരെയും ഇൻസ്റ്റഗ്രാം സ്റ്റോറിക്കെതിരെയും സോഷ്യൽ മീഡിയയിൽ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം കിരണ്‍ റാത്തോഡിനെ അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തി. വിമർശിക്കുന്നവരുടെ പ്രധാന പ്രശ്നം ഉള്ളടക്കമല്ലെന്നും ഉയർന്ന തുകയാണെന്നും കിരൺ റാത്തോഡിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഏതുതരം ചിത്രങ്ങള്‍ പങ്കുവക്കണമെന്നും അതിന് ഏത് രീതിയില്‍ സബ്ക്രിപ്ഷന്‍ ഏര്‍പ്പെടുത്തണമെന്നുമുള്ളത് നടിയുടെ ചോയിസാണെന്നും ഇവര്‍ ഓര്‍മിപ്പിച്ചു. ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് പണം സമ്പാദിക്കുന്നതിൽ തെറ്റില്ലെന്ന് മുന്‍പ് നടി ഷക്കീലയ്ക്ക് നൽകിയ അഭിമുഖത്തിൽ കിരൺ വ്യക്തമാക്കിയിരുന്നു.
വിക്രം നായകനായ 'ജെമിനി', കമൽഹാസൻ ചിത്രം 'അൻപേ ശിവൻ', മോഹന്‍ലാല്‍ ചിത്രം താണ്ഡവം എന്നിവയിലൂടെ ശ്രദ്ധേയയായ നടി 2022-ലാണ് സ്വന്തമായി സബ്‌സ്‌ക്രിപ്‌ഷൻ ആപ്പ് സർവീസ് ആരംഭിച്ചത്.