mukesh-mohanlal

TOPICS COVERED

മോഹൻലാലിനൊപ്പം പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് ഒരു മാസം മുൻപാണ് സംവിധായകൻ അനൂപ് സത്യൻ വെളിപ്പെടുത്തിയത്. 2020ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘വരനെ ആവശ്യമുണ്ട്’ന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ചിത്രത്തിൽ താനും മോഹൻലാലിനൊപ്പമുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് നടനും മുൻ എംഎൽഎയുമായ മുകേഷ്.

മോഹൻലാൽ–മുകേഷ് കോമ്പോയിലെ ഹിറ്റ് ചിത്രം ‘കാക്കക്കുയിലിലെ’ രംഗങ്ങൾ ചേർത്ത വിഡിയോയാണ് മുകേഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മോഹൻലാലിനെയും അനൂപ് സത്യനെയും ഹാഷ്ടാഗ് ചെയ്തുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതോടെ പുതിയ ചിത്രത്തിൽ മുകേഷും അഭിനയിക്കുന്നുണ്ടെന്ന സൂചനയാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.

‘ഇടിവെട്ടിയവന്‍റെ തലയിൽ പാമ്പ് കടിച്ചു’, ‘കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിയില്ല’, ‘നീ നാറിയാണെങ്കിൽ ഞാൻ പരനാറിയാണ്’ തുടങ്ങിയ ‘കാക്കക്കുയിലി’ലെ മുകേഷിന്‍റെ ഹിറ്റ് ഡയലോഗുകൾ ചേർത്തുള്ളതാണ് വിഡിയോ.

മോഹൻലാലും മുകേഷും അവസാനമായി ഒന്നിച്ചഭിനയിച്ചത് 2021ൽ പുറത്തിറങ്ങിയ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ കുഞ്ഞാലി മരക്കാരായും മുകേഷ് ധർമോത്ത് പണിക്കരായും വേഷമിട്ടു.

പേര് പുറത്തുവിട്ടിട്ടില്ലാത്ത അനൂപ് സത്യൻ ചിത്രത്തിന്‍റെ ഷൂട്ടിങ് 2026 നവംബർ മധ്യത്തോടെ ആരംഭിക്കുമെന്നാണ് വിവരം. 2027ലെ വിഷു/വേനൽക്കാല റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് നിർമാണം. കോമഡി ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് അനൂപ് സത്യൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

ENGLISH SUMMARY:

Manorama News reports on the highly anticipated new film featuring Mohanlal, directed by Anup Sathyan, which is slated for a 2027 Vishu release. Actor Mukesh has hinted at his involvement in the project, sparking excitement among fans with a video celebrating their iconic 'Kakakuyil' dialogues.