ആംസ്റ്റർഡാമിലേക്ക് നടത്തിയ തന്‍റെ ആദ്യ സോളോ ട്രിപ്പ് പകര്‍ന്ന മാനസിക ആശ്വാസത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബിഗ് ബോസ് താരവും വ്ലോഗറുമായ ജാസ്മിൻ ജാഫർ. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ് ഈ യാത്രയെന്നും, ആംസ്റ്റർഡാമിലെ അനുഭവം ജീവിതകാലം മുഴുവൻ മനസിൽ സൂക്ഷിക്കുമെന്നും ജാസ്മിൻ പറഞ്ഞു.
യാത്രയ്ക്കിടെ ആംസ്റ്റർഡാമിലെ ഒരു ബെഞ്ചിൽ ഇരുന്ന് ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ച നിമിഷമാണ് ജാസ്മിനെ ഏറെ സ്വാധീനിച്ചത്. ആ സ്ഥലത്ത് ഇരിക്കുമ്പോൾ തനിക്ക് ലഭിച്ച സമാധാനവും സന്തോഷവും വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്നാണ് താരം പറയുന്നത്. ജീവിതത്തിലെ പല കാര്യങ്ങളിൽനിന്നും മാറിനിൽക്കാനും സ്വയം കണ്ടെത്താനും ഈ യാത്ര സഹായിച്ചെന്നും ജാസ്മിൻ വ്യക്തമാക്കി.
read more: തമിഴ്‌നാട്ടിലെ എപ്‌സ്റ്റീന്‍; ജെം വീരമണിക്ക് കുരുക്ക് മുറുകുന്നു ...
തന്‍റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലേക്കും ഈ ഓർമ്മ ഒപ്പമുണ്ടാകുമെന്ന തരത്തിലാണ് ആംസ്റ്റർഡാമിനോടുള്ള തന്‍റെ അടുപ്പത്തെക്കുറിച്ച് ജാസ്മിൻ സംസാരിച്ചത്. മരിക്കുന്നതിന് മുമ്പുള്ള ഏഴ് മിനിറ്റിൽ പോലും ഈ സ്ഥലം തന്‍റെ മനസിലുണ്ടാകുമെന്നാണ് താരം പറയുന്നത്.
അതേസമയം, വ്യക്തിജീവിതത്തെക്കുറിച്ചും ഭാവിയിലെ പങ്കാളിയെക്കുറിച്ചും ജാസ്മിൻ തുറന്നുപറഞ്ഞു. താൻ പുരുഷവിരോധിയല്ലെന്നും, തന്നെ ചേർത്തുപിടിക്കാനും മനസിലാക്കാനും കഴിയുന്ന ഒരാൾ ജീവിതത്തിൽ എത്തിയാൽ അയാൾക്കൊപ്പം വീണ്ടും ആംസ്റ്റർഡാമിലെത്തി ഇതേ ബെഞ്ചിൽ ഇരിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
read more:തത്സമയം 37 അഭിനേതാക്കളുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം! ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് 'രാക്ക' ...
എന്നാൽ ജീവിതത്തിൽ അത്തരമൊരു പങ്കാളി എത്തിയില്ലെങ്കിലും താൻ സന്തോഷത്തോടെ ജീവിക്കുമെന്നും ജാസ്മിൻ വ്യക്തമാക്കി. ഒരാളുടെ സാന്നിധ്യം മാത്രമല്ല സന്തോഷത്തിന്റെ അടിസ്ഥാനമെന്നും, സ്വന്തം ജീവിതത്തിൽ താൻ സംതൃപ്തയാണെന്നുമാണ് താരത്തിന്റെ വാക്കുകൾ.
സോഷ്യൽ മീഡിയയിൽ സജീവമായ ജാസ്മിന്റെ ആംസ്റ്റർഡാം യാത്രാ വിശേഷങ്ങളും അനുഭവങ്ങളും ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.