സ്വന്തം ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് വിഡിയോയിലൂടെ മറുപടി നൽകി നടനും ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡി. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെയാണ് അതിജീവിച്ചതെന്ന് വിശദമാക്കുന്ന വിഡിയോ ഇതിനോടകം മൂന്നര ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. സുഹൃത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
ഒരിക്കൽ പ്രശ്നങ്ങളിൽനിന്ന് വിജയകരമായി പുറത്തുകടന്നുകഴിഞ്ഞാൽ പിന്നെ ഈ ലോകത്തിൽ ഒന്നിനും നമ്മളെ തോൽപ്പിക്കാനാകില്ലെന്നാണ് സ്വന്തം അനുഭവത്തിലൂടെ അഖിൽ പറയുന്നത്. സുഹൃത്തുമായുള്ള സംഭാഷണരൂപത്തിലാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. കണ്ണാടിക്ക് മുന്നിൽനിന്ന് ഒരുങ്ങുന്നതിനിടെ, ‘‘ഈ പ്രശ്നങ്ങളൊക്കെ എങ്ങനെയാടാ നീ ഇത്ര സിംപിളായി ഹാൻഡിൽ ചെയ്യുന്നത്?’’ എന്ന് സുഹൃത്ത് ചോദിക്കുന്നു. അൽപനേരം നിശ്ശബ്ദനായി സുഹൃത്തിനെ നോക്കിയശേഷം അഖിൽ മറുപടി പറയുന്നതാണ് വിഡിയോയുടെ പ്രമേയം. മനസ്സിന് കരുത്തുപകരുന്ന അഖിലിന്റെ വാക്കുകൾ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു.
അഖിലിന്റെ വാക്കുകൾ:
‘എടാ, നിനക്ക് നിന്‍റെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായ ഒരു നിമിഷം ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരുവട്ടമെങ്കിലും അതൊന്ന് അനുഭവിക്കണം. നമ്മൾ നേരെ വീഴാൻ പോകുന്നത് ഒരു വലിയ കുഴിയിലേക്കായിരിക്കും. ചുറ്റും ഇരുട്ടുനിറഞ്ഞൊരു കുഴി. ആ കുഴിക്ക് പുറത്തുനിന്ന് ഒരുപാട് ആളുകൾ നമ്മളോട് സംസാരിക്കാൻ ശ്രമിക്കും. പക്ഷേ, നമുക്കൊന്നും കേൾക്കാൻ പറ്റില്ല. നമുക്ക് അവരോടൊന്നും സംസാരിക്കാനും പറ്റില്ല.
നമ്മൾ ഏതൊരു നിമിഷത്തിലാണോ തോറ്റുപോയി എന്ന് വിചാരിക്കുന്നത്, അപ്പോൾ എവിടെനിന്നോ ഒരു സൂര്യപ്രകാശം കിട്ടും. അവിടെനിന്ന് എഴുന്നേൽക്കണം. നടക്കണം. വീഴും, വീണ്ടും നടക്കണം! നടന്ന്, നടന്ന്, നടന്ന് അവസാനം നമ്മൾ ആ കുഴിയിൽനിന്ന് പുറത്തുവരും. ഒരിക്കൽ പുറത്തേക്കെത്തിക്കഴിഞ്ഞാൽ പിന്നെ ലോകത്തിൽ ഒന്നിനും നിങ്ങളെ തോൽപിക്കാനാകില്ല. അതാണ് ജീവിതം.’
അഖിലിന്‍റെ പുതിയ റീലിന് പ്രേക്ഷകരിൽനിന്നും ആരാധകരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 3.5 മില്യൺ വ്യൂസാണ് വിഡിയോയ്ക്ക് ലഭിച്ചത്. ‘‘ഇത് വെറുമൊരു റീൽ അല്ല, അഖിലിന്റെ ജീവിതം തന്നെയാണ്’’ എന്നായിരുന്നു ആരാധകരിൽ ചിലരുടെ കമന്റ്. ഹൃദയത്തിൽനിന്നാണ് അഖിൽ സംസാരിച്ചതെന്നും ജീവിതത്തിൽനിന്ന് എടുത്ത കഥയായതിനാൽ ഇനി ജീവിതം ജീവിച്ചുകാണിച്ചുകൊടുക്കണമെന്നും ആരാധകർ പിന്തുണയുമായി കമന്റ് ചെയ്തു.