കേരളത്തിന് പുറത്തുള്ളവരോട് ഏതെങ്കിലും ഒരു മലയാള സിനിമ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാൽ താൻ തിരഞ്ഞെടുക്കുക മൈ ഡിയർ കുട്ടിച്ചാത്തൻ ആയിരിക്കുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. തന്‍റെ പുതിയ ഹിന്ദി ചിത്രമായ ദായ്‌റയുടെ പ്രമോഷന്‍റെ ഭാഗമായി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജ് അഭിനയിച്ച സിനിമയല്ലാതെ ഏതെങ്കിലും ഒന്ന് പറയണമെന്നായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടിരുന്നത്.
അങ്ങനെ ഒരു ചിത്രം മാത്രം നിർദ്ദേശിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നും, മികച്ച നിരവധി സിനിമകൾ സമ്മാനിച്ച മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഒരെണ്ണം മാത്രം തിരഞ്ഞെടുക്കുക കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണെന്നും പൃഥ്വി പറയുന്നു. എന്നാലും മലയാള സിനിമാചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ടചിത്രമാണ് മൈ ഡിയർ കുട്ടിച്ചാത്തനെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായാണ് അദ്ദേഹം മൈ ഡിയർ കുട്ടിച്ചാത്തനെ വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ കുട്ടിച്ചാത്തന് പുറമെ, ഇന്ത്യയിലെ ആദ്യത്തെ 70എംഎം സിനിമയും ആദ്യത്തെ ടെക്‌നിക്കളര്‍ സിനിമയുമെല്ലാം പിറവിയെടുത്തത് മലയാളത്തിലാണെന്നും, മലയാള സിനിമയ്ക്ക് അത്തരം മാന്ത്രികമായ മാർഗദർശികൾ ഉണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ദേശീയ മാധ്യമങ്ങളിലടക്കം മലയാള സിനിമാ മേഖലയെ കുറിച്ച് വാതോരതെ സംസാരിക്കുന്ന പൃഥ്വിയെ അഭിന്ദിക്കുകയാണ് സിനിമാപ്രേമികൾ.
അതേസമയം ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ദായ്‌റ. ത്രില്ലര്‍ ജോണറിലിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിനൊപ്പം കരീന കപൂർ ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.