തന്റെ പുതിയ ചിത്രമായ 'ആശ'യിലെ കഥാപാത്രം ചെയ്ത അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഉർവശി. ഓരോ സീനിലും ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ച മറ്റൊരു കഥാപാത്രം തന്റെ കരിയറിൽ ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ കഥാപാത്രം തന്നെ ഭയങ്കരമായി സ്വാധീനിക്കുന്നത് പോലെ തോന്നിയെന്ന് ഉര്‍വശി പറഞ്ഞു. സാധാരണയായി സിനിമയുടെ സെറ്റുകളിൽ അങ്ങനെ ദേഷ്യപ്പെടുന്ന ആളല്ല താനെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.
'ഇതുപോലെ ഓരോ സീനും ആശയകുഴപ്പം ഉണ്ടാക്കിയ മറ്റൊരു സിനിമയില്ല. ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ ഈ കഥാപാത്രം എന്നെ ഭയങ്കരമായി സ്വാധീനിക്കുന്നത് പോലെ തോന്നി. എപ്പോഴും തമാശ പറയുന്ന ഞാന്‍ പിന്നെ എല്ലാവരേയും വഴക്ക് പറഞ്ഞ് നടക്കാന്‍ തുടങ്ങി. സെറ്റില്‍ അങ്ങനെ ചൂടാവുന്ന ഒരാളേ അല്ല ഞാന്‍.
കുറെക്കാലത്തിന് ശേഷം ഒരുപാട് നൈറ്റ് ഷൂട്ടുകളുണ്ടായി. ഒരു വിട്ടുവീഴ്ചകളുമില്ല. പുറത്താണ് ഷൂട്ട് മുഴുവനും. എനിക്ക് പറ്റാതെ ഒരു ദിവസം ഞാന്‍ ദേഷ്യപ്പെട്ടു. ഇങ്ങനെ പ്രോഗ്രാം വക്കാതെ, എന്‍റെ ശരീരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി, വണ്ടിയില്‍ കയറിയിരുന്ന് ആലോചിച്ചു, ഞാന്‍ ഇങ്ങനെയൊന്നും പെരുമാറാറില്ലല്ലോ? എന്നെ ഈ കഥാപാത്രം വല്ലാതെ സ്വാധീനിക്കുകയാണ്. കുറച്ച് ദിവസങ്ങളെടുത്തു അതില്‍ നിന്നും മാറാന്‍. ആ കഥാപാത്രം അങ്ങ് കീഴ്പ്പെടുത്തിക്കളഞ്ഞു,' ഉര്‍വശി പറഞ്ഞു..
സഫർ സനൽ സംവിധാനം ചെയ്ത് സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തിയ ആശക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഉര്‍വശിക്ക് പുറമേ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.