ടെലിവിഷന്‍ അവതാരകയായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മീര അനിൽ. തന്‍റെ ജീവിതത്തെക്കുറിച്ചും ചില തീരുമാനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ നിലപാടുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയയിലൂടെ ഗ്ലൂട്ടാത്തയോൺ ചികിത്സകൾ പ്രമോട്ട് ചെയ്യുന്നതിനായി നിരവധി കോസ്മെറ്റോളജി സെന്ററുകൾ വലിയ തുക വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചിട്ടുണ്ടെന്നെന്നും അതെല്ലാം താന്‍ നിരസിച്ചുവെന്നുമാണ് താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഗ്ലൂട്ടത്തയോൺ ഉൽപ്പന്നങ്ങളുടെ പ്രമോഷനായി അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഓഫർ നിരസിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരം ബ്രാൻഡുകൾ തന്നെ സമീപിച്ചതെന്നും, ഉൽപ്പന്നം ഉപയോഗിച്ചാൽ ചർമ്മത്തിന്റെ നിറത്തിലും ടോണിലും മാറ്റമുണ്ടാകുമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും മീര വ്യക്തമാക്കി.
എന്നാൽ തന്റെ സ്വാഭാവിക ചർമ്മനിറത്തിൽ താൻ പൂർണ്ണമായും സന്തുഷ്ടയാണെന്നും അത് മാറ്റാൻ താൽപര്യമില്ലെന്നും മീര പറഞ്ഞു. നിറത്തെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യ സങ്കൽപ്പങ്ങളേക്കാൾ ഒരാളുടെ കഴിവിനും ആത്മവിശ്വാസത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, അടുത്തിടെ ഒരു പരിപാടിയിൽ നടൻ നിവിൻ പോളി പറഞ്ഞ വാക്കുകൾ തന്നെ ഏറെ സ്വാധീനിച്ചെന്നും മീര കൂട്ടിച്ചേർത്തു. ലക്ഷ്യങ്ങളിലേയ്ക്ക് എത്താൻ കഴിയാത്ത ദൂരമൊന്നുമില്ലെന്ന ആശയമാണ് ആ വാക്കുകളിൽ നിന്ന് തനിക്ക് ലഭിച്ചതെന്നും, അതേ ആത്മവിശ്വാസമാണ് താനും പിന്തുടരുന്നതെന്നും മീര വ്യക്തമാക്കി.
തന്റെ സ്വാഭാവിക നിറത്തിൽ തനിക്ക് യാതൊരു അപകർഷതാബോധവുമില്ലെന്നും മീര വ്യക്തമാക്കി. 'വിഷ്ണുവിന് പ്രിയപ്പെട്ട നടിമാരാണ് പ്രിയങ്ക ചോപ്രയും അമല പോളും അതൊക്കെയാകാം എന്നേയും ഇഷ്ടപ്പെടുത്തിയത്.' മീര പറഞ്ഞു
തന്നെപ്പോലെ നിറമുള്ള നിരവധി കുട്ടികൾ തന്നെ ഒരു മാതൃകയായി കാണുന്നുണ്ടെന്നും മീര പറഞ്ഞു. താൻ നിറം മാറ്റവുമായി ബന്ധപ്പെട്ട ചികിത്സകൾ പ്രമോട്ട് ചെയ്താൽ, തന്നെ പിന്തുടരുന്ന കുട്ടികളും അത് വിശ്വസിച്ച് ഇത്തരം ചികിത്സകൾക്ക് പിന്നാലെ പോകാൻ സാധ്യതയുണ്ടെന്ന ആശങ്കയും അവർ പങ്കുവെച്ചു.