പബ്ലികിനിടയില്‍ ഡാന്‍സ് കളിച്ചാല്‍ ഓറപോകും, തങ്കന്‍റെ ഓറ അങ്ങനെ സോഷ്യല്‍ മീഡിയ നിറയെ ഓറ ടോക്ക് ആണ്. എന്താണ് ഓറ ഫാർമിങ്? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പുതിയ ട്രെൻഡ്. ‘ഓറ ഫാർമിങ്’ എന്ന വാക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമില്‍ കത്തിക്കയറുകയാണ്. എന്താണ് ഈ പുതിയ പ്രയോഗം? എങ്ങനെയാണ് ഇത് യുവാക്കൾക്കിടയിൽ ഇത്ര വേഗത്തിൽ പ്രചാരം നേടിയത്?
സോഷ്യൽ മീഡിയയുടെ ലോകത്ത് ഓരോ ദിവസവും പുതിയ പദങ്ങളും പ്രയോഗങ്ങളും ട്രെൻഡുകളും പിറവിയെടുക്കാറുണ്ട്. അവയിൽ ചിലത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുമ്പോൾ, ചിലത് യുവതലമുറയുടെ ദൈനംദിന ഭാഷയുടെ ഭാഗമായിത്തീരുന്നു. അത്തരത്തിൽ ജെൻ സി, ജെൻ ആൽഫ തലമുറകൾക്കിടയിൽ ശ്രദ്ധേയമായി മാറിയ പുതിയ പ്രയോഗമാണ് ‘ഓറ ഫാർമിങ്’.
ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് ഷോർട്സ് എന്നിവയിലൂടെയാണ് ഈ പ്രയോഗം പ്രധാനമായും ജനപ്രിയമായത്. ഒരാളുടെ ആത്മവിശ്വാസം, വ്യക്തിത്വം, വസ്ത്രധാരണ ശൈലി, പെരുമാറ്റം, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന സാന്നിധ്യം എന്നിവയുമായി ബന്ധപ്പെട്ടാണ് സാധാരണയായി ‘ഓറ ഫാർമിങ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്.
എന്താണ് ‘ഓറ’?
‘ഓറ’ എന്ന വാക്കിന് പല സന്ദർഭങ്ങളിലും വ്യത്യസ്ത അർഥങ്ങളുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ പുതിയ ഭാഷയിൽ ‘ഓറ’ എന്നത് ആത്മീയമായ ഒരു വലയത്തെക്കുറിച്ചല്ല പറയുന്നത്.
മറിച്ച്, ഒരാളുടെ വ്യക്തിത്വത്തിൽ നിന്ന് പ്രകടമാകുന്ന ആകർഷണം, ആത്മവിശ്വാസം, ശൈലി, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കഴിവ് എന്നിവയെ പൊതുവായി സൂചിപ്പിക്കാനാണ് ഇവിടെ ‘ഓറ’ എന്ന പദം ഉപയോഗിക്കുന്നത്.
ഉദാഹരണത്തിന്, ഒരു വ്യക്തി വളരെ ശാന്തമായി നിൽക്കുകയോ, ആത്മവിശ്വാസത്തോടെ നടക്കുകയോ, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ചുറ്റുമുള്ളവരുടെ ശ്രദ്ധ നേടുകയോ ചെയ്താൽ, സോഷ്യൽ മീഡിയ ഭാഷയിൽ “നല്ല ഓറയുണ്ട്” എന്നാണ് അര്‍ഥമാക്കുന്നത്.
എന്താണ് ‘ഓറ ഫാർമിങ്’?
‘ഫാർമിങ്’ എന്ന വാക്ക് കേൾക്കുമ്പോൾ കൃഷിയെയാണ് ആദ്യം ഓർമ വരിക. എന്നാൽ സോഷ്യൽ മീഡിയയിലെ ഈ പ്രയോഗത്തിൽ അതിന് മറ്റൊരു അർഥമാണുള്ളത്. മറ്റുള്ളവരുടെ ശ്രദ്ധയും പ്രശംസയും നേടുന്നതിനായി സ്വന്തം ആകർഷകമായ വ്യക്തിത്വവും ആത്മവിശ്വാസവും ശൈലിയും ബോധപൂർവം പ്രകടിപ്പിക്കുന്നതിനെയാണ് ‘ഓറ ഫാർമിങ്’ എന്ന് വിളിക്കുന്നത്. ട്രെൻഡിയായ വസ്ത്രങ്ങൾ ധരിക്കുക, ക്യാമറയ്ക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുക, പ്രത്യേകമായൊരു നടപ്പും ഭാവവും സ്വീകരിക്കുക, ശാന്തമായും സ്വാഭാവികമായും പെരുമാറി ശ്രദ്ധ നേടുക തുടങ്ങിയവയെല്ലാം ഈ പ്രയോഗത്തിന്റെ പരിധിയിൽ വരാം. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്രദ്ധനേടാന്‍ ‘ശ്രമിക്കുന്നതായി തോന്നാതെ ശ്രദ്ധ നേടുക’ എന്ന ആശയമാണ്.
എങ്ങനെയാണ് ഈ പ്രയോഗം ജനപ്രിയമായത്?
2024ഓടെയാണ് ‘ഓറ ഫാർമിങ്’ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. വിവിധ മീമുകളിലൂടെയും ചെറുവീഡിയോകളിലൂടെയും ഈ പദം വ്യാപകമായി പ്രചരിച്ചു. പിന്നീട് 2025-ൽ ഇന്തോനേഷ്യയിലെ പരമ്പരാഗത വള്ളംകളിയുമായി ബന്ധപ്പെട്ട ഒരു ബാലന്റെ വീഡിയോ വലിയ രീതിയിൽ വൈറലായതോടെ ‘ഓറ ഫാർമിങ്’ എന്ന പ്രയോഗത്തിന് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ ലഭിച്ചു.
വിഡിയോയിലെ കുട്ടിയുടെ ശാന്തമായ ഭാവവും ആത്മവിശ്വാസമുള്ള പെരുമാറ്റവും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘ഓറ ഫാർമിങ്’ എന്നതിന്റെ മികച്ച ഉദാഹരണമായി വിശേഷിപ്പിച്ചു. ഇതോടെ ഈ പ്രയോഗം കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയത്.