Image Credit : Instagram

അനുജത്തി സമ്മാനിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് അഭിമാനത്തോടെ തുറന്നുപറയുന്ന ചേച്ചി. നടി അനശ്വര രാജന്‍റെ സഹോദരി ഐശ്വര്യ പങ്കുവച്ച വിഡിയോയ്ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണം കഴിച്ച് കുട്ടിയും പ്രാരാബ്ദങ്ങളും നടുവേദനയുമൊക്കെ ആയി ജീവിക്കേണ്ടിയിരുന്ന തന്‍റെ ഇന്നുകാണുന്ന സന്തോഷകരമായ ജീവിതത്തിന് പിന്നില്‍ അനുജത്തി അനശ്വരയാണെന്ന് തുറന്നുപറയുകയാണ് ഐശ്വര്യ. ഓസ്‌ട്രേലിയയിൽ നിന്നുമുള്ള വിഡിയോയിലൂടെയാണ് അനശ്വര നൽകിയ പിന്തുണയെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും ഐശ്വര്യ തുറന്നുപറഞ്ഞത്. പലരും തന്നെ 'അനശ്വരയുടെ ചേച്ചി' എന്ന് വിശേഷിപ്പിക്കുമ്പോൾ യാതൊരുവിധ വ്യക്തിത്വ പ്രശ്നങ്ങളും തോന്നാറില്ലെന്ന് ഐശ്വര്യ പറഞ്ഞു.

 

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ...ഞാനിത് ഇങ്ങനെ ഒരു അവസരത്തില്‍ പറയണമെന്ന് വിചാരിച്ചതല്ല. പക്ഷേ എനിക്ക് പറയാനുള്ളത്, ഞാനിപ്പോ ഉള്ളത് ഓസ്ട്രേലിയയിലാണ്. എപ്പോഴെങ്കിലും ഇത് പറയണമെന്ന് വിചാരിച്ച ഒരു കാര്യമാണ്. അനശ്വരയുടെ ചേച്ചി എന്ന പോയിന്‍റില്‍ ഞാന്‍ വളരെ നന്ദിയുളളവളാണ്. വളരെയധികം ആഘോഷിച്ചുകൊണ്ടാണ് ഞാന്‍ ആ ഒരു ടാഗ് കൊണ്ടുനടക്കുന്നത്. അനശ്വര രാജന്‍റെ ചേച്ചി എന്ന് നിങ്ങള്‍ ആരെങ്കിലും എന്‍റെയടുത്ത് വന്ന് പറയുമ്പോഴോ എവിടെയെങ്കിലും മെന്‍ഷന്‍ ചെയ്യുമ്പോഴോ എന്‍റെയടുത്ത് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട് എന്തെങ്കിലും ഐഡന്‍റിറ്റി ഇഷ്യൂസ് ഉണ്ടോയെന്ന്. എനിക്ക് അങ്ങനെ യാതൊരു ഐഡന്‍റിറ്റി ഇഷ്യൂസും ഇല്ല'. 

 

കാരണം അങ്ങനെ ഒരു അനശ്വര എന്‍റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങളോ നിങ്ങളുടെ അടുത്ത് ഇത് പറയുന്ന ഞാനോ ഉണ്ടാകുമായിരുന്നില്ല. അതുമാത്രമല്ല, തീർച്ചയായിട്ടും അങ്ങനെ ഒരു അനശ്വര എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഞാനിപ്പോ ഒരു കല്യാണം എന്താന്ന് പോലും അറിയാത്ത ഒരു വയസ്സിൽ കല്യാണം ഒക്കെ കഴിച്ച് ജീവിതം ഭയങ്കര കുടുങ്ങിപ്പോയി..നടുവേദനയും വച്ച് കുട്ടിയെ ഒക്കെ കൊണ്ട് നടക്കുന്ന ഞാനായിരുന്നേനെ. അങ്ങനെ എന്റെ ജീവിതത്തിൽ എന്നെ എല്ലാ തരത്തിലും രക്ഷിച്ചു എന്നൊക്കെ പറയുന്ന ഒരാളാണ് എനിക്ക് എന്റെ അനശ്വര. അപ്പോൾ അവളുടെ സഹോദരി ആയിരിക്കുക എന്ന പേര് എനിക്ക് എപ്പോഴും സന്തോഷമാണ്.

 

'ജീവിതത്തിൽ ആദ്യമായിട്ട് എന്നോട് എനിക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിച്ചോളൂ എന്ന് അവളാണ് പറഞ്ഞതെന്ന് ഒരു കുറിപ്പിന് താഴെ ഞാൻ എഴുതി 'എന്റെ അനിയത്തി' എന്ന്. അപ്പോ അതിന്റെ താഴെ കുറെ ആൾക്കാര അഭിപ്രായമിട്ടു, 'ഓ സിനിമാ നടി ആയതിനുശേഷം' എന്നൊക്കെ പറഞ്ഞ്. നമുക്ക് നമ്മുടെ വേണ്ടപ്പെട്ടവര്‍ ഇഷ്ടമുളള വാങ്ങിച്ചോ എന്ന് പറയണമെങ്കില്‍ സാമ്പത്തികമായി ഒന്ന് നിലയുറപ്പിച്ചാൽ മതി. അതിന് സിനിമയിലൊന്നും അഭിനയിക്കേണ്ടതില്ലല്ലോ. പക്ഷേ എത്ര പേര് എത്ര സഹോദരങ്ങൾ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ അടുത്ത്'.

 

'എന്റെ സഹോദരി എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഒമാൻ പോയപ്പോൾ ഞങ്ങൾ ഒരു മാളിൽ പോയി അപ്പൊ അവൾ പറഞ്ഞു, 'അച്ചു നിനക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചോ നമ്മൾ അതിനാണ് വന്നത്' എന്ന്. എന്റെ അടുത്ത് ആദ്യമായിട്ട് ഒരാൾ പറഞ്ഞത് എന്റെ സഹോദരി ആണ്. അപ്പോ എനിക്ക് അങ്ങനത്തെ യാതൊരു കുഴപ്പവുമില്ല. ഞാനത് ഭയങ്കര സന്തോഷത്തോടെയാണ് ഇങ്ങനെ കൊണ്ടുനടക്കുന്നത്' ഐശ്വര്യ പറയുന്നു. വിഡിയോ സൈബറിടത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് ഐശ്വര്യയുടെ വാക്കുകള്‍ കൈയ്യടിച്ചും പിന്തുണയേകിയും രംഗത്തെത്തുന്നത്. 

 

ENGLISH SUMMARY:

Actress Anaswara Rajan's sister Aishwarya has shared a heartfelt video expressing gratitude for the life-changing support she received from her sibling. Aishwarya credits Anaswara for her current happiness and financial freedom, stating that without her intervention, she might have been in a much different, difficult life situation.