പുതിയ ചിത്രത്തിനായി ഭാരം കൂട്ടിയതിന് പിന്നാലെ ഗംഭീര ട്രാൻസ്ഫർമേഷനും നടത്തി നടി നിമിഷ സജയൻ. സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടിയപ്പോഴുള്ള ചിത്രവും ഭാരം കുറച്ചപ്പോഴുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് 72 കിലോയില്‍ നിന്നും തന്‍റെ ശരീരഭാരം കുറച്ചതിന്‍റെ നാള്‍വഴികള്‍ താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. ഈ യാത്രയില്‍ തന്നെ സഹായിച്ച ട്രെയിനര്‍ക്കും നിമിഷ കുറിപ്പിലൂടെ നന്ദി അറിയിച്ചു. പുതിയ ചിത്രത്തിലെ കഥാപാത്രത്തിനായി ഏകദേശം 14 കിലോയാണ് താരം കൂട്ടിയത്. ആദ്യ ദിവസങ്ങള്‍ ഭയങ്കര കഠിനമായിരുന്നുവെന്നും ശരിയായ ഉറക്കം ലഭിക്കാതെയും, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ... തുടങ്ങി തനിക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിയ നിരവധി നിമിഷങ്ങൾ ജിവിതത്തിലുണ്ടായെന്നും താരം കുറിച്ചു.
ഈ യാത്രയിലുടനീളം തനിക്ക് താങ്ങായിരുന്നത് തന്‍റെ പരിശീലകനായിരുന്നുനെന്നും അധിക സമ്മർദ്ദം തോന്നിയപ്പോൾ അദ്ദേഹമാണ് മുന്നോട്ട് നയിച്ചതെന്നും നിമിഷ പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ വെറും ഭാരം കുറയ്ക്കുക എന്നത് മാത്രമായിരുന്നില്ല ഈ യാത്രയെന്നും അതിനേക്കാളുപരിയായി ക്ഷമ, വിശ്വാസം എന്നിവ മനസിലാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
താരം കുറിച്ചതിങ്ങനെ, ‘ഈ കഥാപാത്രത്തിനായി ഏകദേശം 14 കിലോ കൂട്ടിയിരുന്നു (58 കിലോയിൽ നിന്ന് 72 കിലോയിലേക്ക്). സത്യം പറഞ്ഞാൽ, തുടർന്നുള്ള ഭാരം കുറയ്ക്കൽ യാത്ര തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും കഠിനം. ശരിയായ ഉറക്കമില്ല, മൂഡ് സ്വിങ്സ്, ക്ഷീണം, നിരാശ... അങ്ങനെ എനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് തോന്നിയ നിരവധി നിമിഷങ്ങൾ. എന്റെ പരിശീലകന്റെ മുന്നിൽലിരുന്നുകൊണ്ട് ‘എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയില്ല’ എന്ന് കരഞ്ഞുപറഞ്ഞ ദിവസങ്ങളുണ്ടായിരുന്നു.
അലി ഷിഫാസ്, നിങ്ങളില്ലായിരുന്നെങ്കിൽ.. സത്യം പറഞ്ഞാൽ ഞാൻ ഈ ഉദ്യമം ഉപേക്ഷിക്കുമായിരുന്നു. ഈ യാത്രയിലുടനീളം നിങ്ങൾ എനിക്ക് താങ്ങായിരുന്നു. എനിക്ക് അധിക സമ്മർദ്ദം തോന്നിയപ്പോൾ നിങ്ങൾ എന്നെ മുന്നോട്ട് നയിച്ചു, ഉപേക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു, ഈ ഉദ്യമത്തിൽ ക്ഷമയോടെ വിശ്വസിക്കാൻ എന്നെ ഓർമിപ്പിച്ചു. മോശം ദിവസങ്ങളിൽ നിങ്ങൾ എന്നെ ഒരിക്കലും ജഡ്ജ് ചെയ്തില്ല. എല്ലാ ദിവസവും നിങ്ങൾ എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാൻ നിരാശയായി ക്ഷീണിതയായി, ഇത് ഉപേക്ഷിക്കാൻ തയ്യാറായിനിന്ന ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ.. അടുത്ത ദിവസം വീണ്ടും പ്രയത്നിക്കുന്നതിനായി എന്നെ പ്രേരിപ്പിക്കാൻ നിങ്ങൾ എപ്പോഴും ഒരു വഴി കണ്ടെത്തി.തിരിഞ്ഞു നോക്കുമ്പോൾ, ഭാരം കുറയ്ക്കുക എന്നത് മാത്രമായിരുന്നില്ല ഈ യാത്രയെന്ന് എനിക്ക് മനസ്സിലാകുന്നു. ക്ഷമ, വിശ്വാസം അതിനേക്കാളുപരിയായി നിങ്ങളുടെ അരികിൽ ശരിയായ വ്യക്തി ഉണ്ടായിരിക്കുക എന്നിവയൊക്കെ പ്രധാനമാണ് എന്ന് എനിക്ക് മനസ്സിലായി.
നിങ്ങൾ എന്റെ പോരാട്ടം വളരെ എളുപ്പമാക്കി. എന്റെ ഏറ്റവും നല്ല പരിശീലകനും എന്റെ ഏറ്റവും വലിയ ചിയർ ലീഡറും എന്റെ പിന്തുണാ സംവിധാനവും നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിക്കാതിരുന്ന ദിവസങ്ങളിൽ പോലും എന്നിൽ വിശ്വസിച്ചതിന് ഷിഫുക്കയ്ക്ക് നന്ദി. നിങ്ങൾ ഇല്ലാതെ ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല.’
‘ബബിത സിങ് റിപ്പോർട്ടിങ്’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടിയാണ് നിമിഷ ശരീര ഭാരം കൂട്ടിയത്. അംബിക പണ്ഡിറ്റ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ഡ്രാമയാണ്.