നടിയും മോഡലുമായ നിലീൻ സാന്ദ്ര വിവാഹിതയായി. ചലച്ചിത്ര സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരന്‍. 2017 മുതൽ നിലീന്റെ സുഹൃത്താണ് ശ്യാമിൻ. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 'എന്റെ ബാക്കി ജീവിതം മുഴുവൻ ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിയുന്നതിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷമുണ്ട്. ഇപ്പോഴും ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഇപ്പോഴും ഒരു കിറുക്കിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കുകയാണ്,' ചിത്രങ്ങള്‍ പങ്കുവച്ച് നിലീൻ കുറിച്ചു.

വിവാഹ ചിത്രങ്ങൾ നിലീൻ സാന്ദ്രയും ശ്യാമിൻ ഗിരീഷും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ചതോടെ നിരവധിയാളുകളാണ് ഇവർക്ക് ആശംസകളുമായി രംഗത്തെത്തിയത്. ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ഇൻസ്റ്റാഗ്രാം അടക്കമുള്ള മാധ്യമങ്ങളിലൂടെ ആശംസകൾ അറിയിച്ചു.

ശ്യാമിന്‍ സംവിധാനം ചെയ്ത കരിക്കിന്‍റെ സാമര്‍ഥ്യ ശാസ്ത്രം സീരിസിലൂടെ ശ്രദ്ധേയായ നിലീന്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി', '2018' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സീരിസിന്‍റെ തിരക്കഥ രചിച്ചതും നിലീനാണ്. 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ശ്യാമിന്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നിലീൻ സാന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും നിലീനാണ്. ഷറഫുദ്ദീന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

Actress and model Neleen Sandra has officially tied the knot with film director Shyamin Girish in a private ceremony attended by close family and friends. The couple, who have been friends since 2017, shared their wedding pictures on social media to the delight of their followers. Neleen expressed her immense joy, noting that sharing the rest of her life with Shyamin still feels like an absolute dream. On the professional front, the duo has collaborated on several acclaimed projects, including the Karikku series 'Samarthya Sastram' and the upcoming film 'Its a Medical Miracle'.