തിരുവനന്തപുരത്തെ തറവാട്ടുവീട്ടിൽ നിന്നും താമസം മാറുന്നുവെന്ന് സിന്ധു കൃഷ്ണയുടെ സഹോദരീപുത്രി തൻവി സുധീർ ഘോഷ്. മകളുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പുതിയ വിഡിയോയിലാണ് മകളെ ബാധിച്ച രോഗാവസ്ഥയെ പറ്റി സംസാരിച്ച് തന്‍വി വികാരാധീനയായത്. വീട്ടിലെ ഫംഗസ് കാരണമാണ് മകൾക്ക് രോഗമെന്നും, അതിനാൽ താൽക്കാലികമായി വാടകവീട്ടിലേക്ക് മാറുകയാണെന്നുമാണ് തൻവി പറഞ്ഞു. ഈ വിഡിയോക്ക് നെഗറ്റീവ് കമന്‍റുകള്‍ വരുമായിരിക്കുമെന്നും എന്നാല്‍ തനിക്ക് ഇപ്പോള്‍ മകളുടെ ആരോഗ്യാവസ്ഥയാണ് വലുതെന്നും തന്‍വി പറഞ്ഞു. 

‘പ്രിയപ്പെട്ടവരെ, ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്ലോഗുകളൊന്നും പോസ്റ്റ് ചെയ്യാതിരുന്നതിന് കാരണം ഇവിടുത്തെ ചില ഗുരുതരമായ പ്രശ്നങ്ങളാണ്. എന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള മോൾക്ക് ശരീരമാസകലം കടുത്ത അലർജിയും ഇൻഫെക്ഷനും വന്ന് വലിയ ബുദ്ധിമുട്ടിലാണ്. എന്തോ കൊതുകോ വണ്ടോ കടിക്കുന്നത് പോലെ ദേഹം മുഴുവൻ തടിച്ചുവരുകയും, പസ് പോലെ അസ്വസ്ഥതകൾ ഉണ്ടാകുകയുമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങൾ ഉറക്കമില്ലാതെ കഷ്ടപ്പെടുകയാണ്. കിംസിലും മറ്റ് പ്രമുഖ ഡോക്ടർമാരുടെ അടുക്കലും മാറിമാറി കാണിച്ചു. മരുന്നുകളും ക്രീമുകളും മാറിമാറി പരീക്ഷിച്ചു, വീട് പരമാവധി വൃത്തിയാക്കിയിട്ടു. പക്ഷേ, ഒരു കുറവുമില്ല. കയ്യിൽ നിന്ന് താഴെ വയ്ക്കാൻ പോലും പറ്റാത്തത്ര ഇറിറ്റേഷനിലാണ് കുഞ്ഞുള്ളത്. 

ഈ വീട്ടിലെ അന്തരീക്ഷം തന്നെയാണ് പ്രശ്നമെന്നാണ് ഞാൻ സംശയിക്കുന്നത്. വീടൊക്കെ എത്ര വൃത്തിയാക്കി ഇട്ടാലും സാധനങ്ങൾ കുറച്ചുദിവസം വച്ചാൽ തന്നെ പൂപ്പലും ഫംഗസും പിടിക്കുന്ന അവസ്ഥയാണ്. ചെതലിന്റെ ശല്യവുമുണ്ട്. വീട്ടിൽ ലിയാനോ എനിക്കോ മറ്റാർക്കുമോ ഈ പ്രശ്നമില്ലെങ്കിലും, ഇത്രയും ചെറിയൊരു കുഞ്ഞിന് ദിവസവും ആന്റിബയോട്ടിക്കും പാരസെറ്റമോളും നൽകേണ്ടി വരുന്നത് ഒരു അമ്മയെന്ന നിലയിൽ എന്നെ മാനസികമായി തളർത്തുന്നുണ്ട്. അതുകൊണ്ട് ഈ വീടിന്റെ പ്രശ്നമാണോ എന്ന് ഉറപ്പാക്കാൻ ഞങ്ങൾ രണ്ടു ദിവസം താൽക്കാലികമായി പുറത്ത് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവിടെയെത്തുമ്പോൾ കുഞ്ഞിന് മാറ്റമുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു വാടകവീട്ടിലേക്ക് മാറേണ്ടി വരും.

ഈ വീട് അപ്പൂപ്പന്റെ ഓർമ്മകൾ നിറഞ്ഞതായതുകൊണ്ട് അമ്മൂമ്മ എന്തൊക്കെ പറഞ്ഞാലും ഈ തറവാട് വിട്ട് വാടകവീട്ടിലേക്ക് വരില്ല. അതുകൊണ്ട് അമ്മൂമ്മയെ പരിചരിക്കാനും തുണയ്ക്കുമായി മുഴുവൻ സമയവും കൂടെനിൽക്കുന്ന ഒരു ഹെൽപ്പറെ ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. ഞാൻ മാറിത്താമസിക്കുമ്പോൾ ‘‘നാട്ടിലെ അമ്മൂമ്മയെ നോക്കാൻ വന്നിട്ട് ഒടുവിൽ ഉപേക്ഷിച്ചു പോയി’’ എന്ന് പറഞ്ഞ് കുറ്റം പറയാൻ കുറേപ്പേർ വരും എന്നെനിക്കറിയാം. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, എനിക്കിപ്പോൾ എന്റെ കുഞ്ഞിന്റെ ആരോഗ്യമാണ് ഏറ്റവും പ്രധാനം.

അപ്രതീക്ഷിതമായി വന്ന ഈ സാഹചര്യം വലിയൊരു സാമ്പത്തിക ബാധ്യത കൂടിയാണ്. പുതിയ വീട്ടിലെ ചെലവുകൾക്ക് പുറമെ, വീട്ടിൽ നിർത്തുന്ന ആളുടെ ശമ്പളമായി തന്നെ മാസം 22,000 മുതൽ 25,000 രൂപ വരെ വരും. എങ്കിലും കുഞ്ഞിന്റെ ആരോഗ്യം കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളൂ. വലിയൊരു തുക ചെലവാക്കി വീട് ഡീപ്പ് ക്ലീനിങ് നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. മൂത്ത മകൻ ലിയാന്റെ സ്കൂൾ ബസ് സൗകര്യം കൂടി കണക്കിലെടുത്ത്, തിരുവനന്തപുരം നെട്ടയത്തിന് അടുത്ത് പെട്ടെന്ന് ഒഴിവുള്ള ഫർണിഷ്ഡ് വാടകവീടുകളെക്കുറിച്ച് അറിയാവുന്നവർ ഉണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കണം. കൊച്ചിന്റെ ആരോഗ്യം ഒന്ന് ശാന്തമായി, കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനമായാൽ പുതിയ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരാം,’ തൻവി പറഞ്ഞു.

ENGLISH SUMMARY:

Tanvi Sudheer Ghosh, niece of Sindhu Krishna, has announced her decision to temporarily move out of their ancestral home in Thiruvananthapuram due to severe health issues faced by her three-month-old baby. The infant developed a severe skin allergy and rash, which doctors and family members suspect is linked to fungus and mold accumulation inside the old house. Despite thorough cleaning and medical treatments, the baby's condition has not improved, prompting the family to seek a rented accommodation. Although concerned about potential public criticism regarding leaving her grandmother behind, Tanvi emphasized that her child's health remains her top priority.