കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യുടെ ട്രെയിലർ പുറത്ത്. ചമൻ ചാക്കോയുടെ കിടിലൻ കട്ടുകൾക്ക് കരുത്തേകി ജേക്സ് ബിജോയ്‌യുടെ പശ്ചാത്തല സംഗീതവും ട്രെയിലറിൽ ത്രില്ലടിപ്പിക്കുന്നു. ട്രെയിലറിന്റെ അവസാനത്തിൽ എത്തുന്ന കയ്യുടെ ഷോട്ട് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഒന്നുകൂടി ഉയർത്തുന്നുണ്ട്. ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ, 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. മാളവിക ശർമ്മയാണ് നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണിത്.
ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'മലയാളികൾ കണ്ണിൽ ഇ20 പെട്രോൾ ഒഴിച്ച് കാത്തിരുന്ന ട്രെയിലര്‍', 'തിയറ്റർ കത്തിക്കാൻ പോകുന്ന ഒരു കയ്യല്ലേ ആ കണ്ടത്', 'ഓണം തൂക്ക് ലോഡിംഗ്', 'എന്താടാ കമന്റ്ബോക്സിനു ഒരു ചെരിവ്', എന്നിങ്ങനെ പോകുന്നു ട്രെയിലറിന് ലഭിക്കുന്ന കമന്‍റുകള്‍.
'പോക്കിരിരാജ'യ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20-നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.
ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.