TAGS

നടൻ വിശാൽ ആദ്യമായി സംവിധായകന്റെ തൊപ്പി അണിഞ്ഞ 'മകുടം' തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിശാല്‍ വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിച്ച ചിത്രത്തിന് എന്നാല്‍ അത്ര നല്ല വരവേല്‍പ്പല്ല ലഭിക്കുന്നത്. ഓഗസ്റ്റ് 14 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ, ചിത്രത്തിന്റെ ബിടിഎസ് വിഡിയോകൾക്കു നേരെ സോഷ്യൽ മിഡിയയിൽ വ്യാപക ട്രോൾ മഴയാണ്. സിനിമയിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിശാൽ നടത്തിയ കഠിനമായ ശാരീരിക മാറ്റങ്ങളെ ഒരു വിഭാഗം ആരാധകർ പ്രശംസിക്കുന്നുണ്ടെങ്കിലും, പ്രൊമോഷൻ വിഡിയോകളിലെ ചില രംഗങ്ങളാണ് ട്രോൾ പേജുകൾ ഏറ്റെടുത്തിരിക്കുന്നത്.  

ഒരു രംഗത്തില്‍ അഭിനേതാവായി തകർത്തഭിനയിക്കുകയും തൊട്ടടുത്ത ക്ഷണത്തിൽ സംവിധായകനായി മാറി ക്രൂ അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന വിശാലിന്റെ ബിടിഎസ് ദൃശ്യങ്ങളാണ് പ്രധാനമായും പരിഹസിക്കപ്പെടുന്നത്. ഈ ദൃശ്യങ്ങള്‍ എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിൽ മീം ടെംപ്ലേറ്റുകളായി മാറിക്കഴിഞ്ഞു.  

സിനിമയുടെ റിലീസിന് മുൻപ് നൽകിയ അഭിമുഖങ്ങളിൽ ബാല, സുന്ദർ.സി തുടങ്ങിയ പ്രമുഖ സംവിധായകരിൽ നിന്നുള്ള പ്രചോദനത്തെക്കുറിച്ച് വിശാൽ സംസാരിച്ചിരുന്നു. പ്രൊമോഷൻ സമയത്ത് ഉയർന്നു കേട്ട ഇത്തരം വൻ അവകാശവാദങ്ങളെ ചൂണ്ടിക്കാണിച്ചാണ് ട്രോളന്മാർ പരിഹാസ ശരങ്ങൾ എയ്യുന്നത്.  

ആദ്യദിനം ഇന്ത്യയിൽ നിന്ന് ഏകദേശം 60 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയത്. വ്യാപകമായ അധിക്ഷേപങ്ങൾക്കിടയിലും വിശാലിനെ പിന്തുണച്ച് സിനിമാ രംഗത്തെ പ്രമുഖരും ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 22 വർഷ നീണ്ട സിനിമാ ജീവിതത്തിനിടയിൽ ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് താരം ഈ നിലയിലെത്തിയതെന്ന് ആരാധകര്‍ പറയുന്നു. 

ENGLISH SUMMARY:

Actor Vishal has stepped into the director's chair for the first time with his latest action drama 'Makudam'. However, the film opened to underwhelming box office collections and mixed reviews from audiences upon its release on August 14. Following the lukewarm theatrical response, behind-the-scenes videos showing Vishal acting in a scene and immediately switching to direct crew members have gone viral. These clips quickly became favorite material for meme creators on social media platforms like X and YouTube. Despite the barrage of online trolls and a modest opening day collection of around 60 lakh rupees, a dedicated section of fans and industry peers has rallied to support him.