ചില കഥാപാത്രങ്ങൾ കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ വർഷങ്ങളോളം തുടരുമല്ലേ. ഡയലോഗുകൊണ്ടാകാം, ലുക്ക് കൊണ്ടാകാം...അങ്ങനെ പലകാരണങ്ങള്‍ കൊണ്ട്. പ്രത്യേകിച്ച് ബാലതാരങ്ങൾ അവതരിപ്പിക്കുന്ന ചില കഥാപാത്രങ്ങൾ പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്നാലും ആരാധകരുടെ ഓർമകളിൽ ജീവിച്ചിരിക്കും. ഇപ്പോൾ അത്തരത്തിലൊരു കഥാപാത്രമാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
2005-ൽ പുറത്തിറങ്ങിയ വിജയ്–ജനീലിയ ചിത്രം സച്ചിൻ കണ്ടവരാണെങ്കില്‍ 'ഐ ലൈക്ക് യുവർ സ്മൈൽ' എന്ന് പറഞ്ഞ ആ കൊച്ചുകുട്ടിയെ മറന്നിട്ടുണ്ടാകില്ലല്ലോ. ചിത്രത്തിലെ ആ ചെറിയ രംഗത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബാലതാരം പ്രീതിയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ വിഡിയോയാണ് പ്രീതിയെ വീണ്ടും വാർത്തകളിൽ നിറച്ചത്. വിഡിയോയിൽ ഗാനം ആലപിക്കുന്ന പ്രീതിയെയാണ് കാണാൻ കഴിയുന്നത്. വർഷങ്ങൾക്കുശേഷം താരത്തിന്റെ രൂപത്തിലുണ്ടായ മാറ്റം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
വിജയ്‌ക്കൊപ്പമുള്ള ആ രംഗം ഓർത്തെടുത്തുകൊണ്ടാണ് നിരവധി ആരാധകർ വിഡിയോ പങ്കുവെയ്ക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ സിനിമയിലെ കൊച്ചുകുട്ടിയും ഇന്നത്തെ പ്രീതിയും തമ്മിലുള്ള വ്യത്യാസമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
സംഗീതത്തോട് ചെറുപ്പം മുതൽ തന്നെ താൽപര്യമുണ്ടായിരുന്ന പ്രീതി ഇപ്പോൾ ഗായിക എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത സച്ചിൻ കോളജ് പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു പ്രണയചിത്രമായിരുന്നു. വിജയ്, ജനീലിയ ഡിസൂസ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ വടിവേലു, സന്താനം, രഘുവരൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും സച്ചിൻ സിനിമയിലെ നിരവധി രംഗങ്ങൾ ഇന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ പ്രീതിയുടെ പുതിയ വിഡിയോയും അതേ ഗണത്തിലേയ്ക്ക് ചേർന്നിരിക്കുകയാണ്.